മലബാറിലെ മുസ്‌ലിം സ്ത്രീകള്‍
ഇസ്‌ലാം കേരളത്തില്‍
ചരിത്രകാരന്മാരുടെ നിഗമന പ്രകാരം എ ഡി 644ല്‍ ആണ് മാലിക് ബിന്‍ ദീനാര്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുന്നത്. കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനും പ്രചാരണത്തിനും തുടക്കം കുറിച്ചത് മാലിക് ബിന്‍ ദീനാറും സംഘവുമാണ്. ഇവരുടെ വരവോടുകൂടി തന്നെയാണ് ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ചരിത്രം ആരംഭിക്കുന്നത്. യമനിലെ ഹദറമൗത്ത് സ്വദേശിയായിരുന്നു മാലിക് ബിന്‍ ദീനാര്‍.
മാലിക് ബിന്‍ ദീനാറിന്റെ വരവിന് മുമ്പുതന്നെ കേരളത്തിന്, വിശിഷ്യാ മലബാറിന് അറബികളുമായി കച്ചവട ബന്ധമുണ്ടായിരുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നു വന്നിരുന്ന അറേബ്യന്‍ ബന്ധം തന്നെയായിരിക്കണം ഇസ്‌ലാം മലബാറില്‍ പ്രചുര പ്രചാരം നേടാനുണ്ടായ ഒരു കാരണം.
അറബികളുടെ സത്യസന്ധതയും മാന്യതയും മലബാറിലെ ജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ മലബാര്‍ മുസ്‌ലിംകളില്‍ ഏറെപേരും അറബികളുമായുണ്ടായ സമ്പര്‍ക്കത്തിന്റെ ഫലമായി മതപരിവര്‍ത്തനം ചെയ്തവരുടെ പിന്‍ഗാമികളാണ്.
ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ മുസ്‌ലിംകളേക്കാള്‍, ജനിച്ച നാടിന്റെ സാമൂഹിക സാംസ്‌ക്കാരിക ധാരയില്‍ അലിഞ്ഞു ചേര്‍ന്നവരാണ് കേരള മുസ്‌ലിംകള്‍. ഹിന്ദു ദര്‍ശനത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നാണ് ആദ്യകാലത്ത് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടന്നത്. അതുകാരണം ഹിന്ദു ദര്‍ശനത്തിലെ ചില ആചാരങ്ങള്‍, മതം മാറിവന്ന മുസ്‌ലിം സമൂഹത്തിലും കടന്നുകൂടിയിട്ടുണ്ട്.
മലബാറില്‍ ചില ഭാഗങ്ങളിലെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍, നായന്മാരുടെ മാതൃകയിലുള്ള തറവാടും മരുമക്കത്തായ സമ്പ്രദായവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പഴയ മുസ്‌ലിം പള്ളികളില്‍ മിക്കവയും അമ്പലങ്ങളുടെ നിര്‍മാണ രീതി തന്നെയായിരുന്നു അവലംബിച്ചിരുന്നു. ആശാരിമാരും കല്‍പ്പണിക്കാരുമൊക്കെ ക്ഷേത്രങ്ങള്‍ പണിതുശീലിച്ച രീതിതന്നെ മുസ്‌ലിം ദേവാലയങ്ങള്‍ക്കു വേണ്ടിയും പിന്തുടര്‍ന്നു. ആദ്യാകല മുസല്‍മാന്‍മാര്‍ മുതലേ കേരള സംസ്‌ക്കാരത്തേയും ആചാരങ്ങളേയും പാടെ തിരസ്‌ക്കരിച്ചിരുന്നില്ല. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമാണ് ഇസ്‌ലാമിക വിശ്വാസം. മുസ്‌ലിം എന്നാല്‍ അനുസരിക്കുന്നവന്‍ എന്നാണര്‍ഥം.
ഇസ്‌ലാം സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമാണ് നല്കുന്നത്. സമൂഹത്തില്‍ തന്റേതായ വ്യക്തിത്വം സ്ഥാപിക്കാന്‍ സ്ത്രീയെ ഇസ്‌ലാം അനുവദിക്കുന്നു. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും സമൂഹത്തിലും കുടുംബത്തിലുമെല്ലാം സ്ത്രീയുടെ പങ്ക് ഇസ്‌ലാം എടുത്തു പറഞ്ഞിട്ടുണ്ട്. മാനസിക സമത്വവും വൈവാഹിക സ്വാതന്ത്ര്യവും സ്ത്രീക്ക് ഇസ്‌ലാം അനുവദിക്കുന്നു. പുണ്യങ്ങളുടേയും നേട്ടങ്ങളുടേയും വിഷയത്തില്‍ സ്ത്രീ പുരുഷ അസമത്വം ഇസ്‌ലാമില്‍ ഇല്ല.
കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തത
ജീവിത രീതിയിലും വസ്ത്രധാരണത്തിലും മലബാറിലെ മുസ്‌ലിംകള്‍ എല്ലായ്‌പോഴും തങ്ങളുടേതായ പ്രത്യേകതകള്‍ സൂക്ഷിച്ചുപോന്നിട്ടുണ്ട്. മുസ്‌ലിം സ്ത്രീകളെ അവരുടെ വസ്ത്രധാരണത്തിന്റെ പ്രത്യേകതകളിലൂടെ ഇതര മതസ്ഥരില്‍ നിന്നും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. ഏത് രീതിയിലുള്ള വസ്ത്രം ധരിച്ചാലും തലമറയ്ക്കുക എന്ന രീതി പൊതുവെ മുസ്‌ലിം സ്ത്രീകള്‍ അനുവര്‍ത്തിച്ചു വരുന്നു. പര്‍ദ്ദ, സ്‌കാര്‍ഫ് തുടങ്ങിയ വേഷങ്ങള്‍ മുസ്‌ലിം സ്ത്രീകളുടെ മാത്രം പ്രത്യേകതയാണ്.
തൊപ്പിയും തലപ്പാവും ഷര്‍ട്ടും കള്ളിമുണ്ടും പാദുകവും ധരിച്ച പഴയകാല മുസ്‌ലിം, മറ്റു മതസ്ഥരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. ഹിന്ദുക്കളിലെ മേല്‍ജാതിക്കാര്‍ കോണകവും ഒറ്റമുണ്ടും, ചിലരൊക്കെ മാത്രം മേല്‍മുണ്ടും ധരിച്ചിരുന്ന കാലമായിരുന്നു അത്. സ്ത്രീകള്‍ കാച്ചി പോലുള്ള നിറപ്പകിട്ടാര്‍ന്ന മുണ്ടുകളും, പെണ്‍കുപ്പായവും തട്ടവും മൈലാഞ്ചിയണിഞ്ഞും കാതുകള്‍ കുത്തി അലിക്കത്തിട്ടും കണ്ണുകളില്‍ സുറുമയെഴുതുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസം മുസ്‌ലിം സ്ത്രീകളില്‍
വ്യക്തിയുടേതായാലും സമൂഹത്തിന്റേതായാലും ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുണ്ടാകും. ആധുനിക യുഗത്തില്‍ സ്ത്രീകള്‍ എല്ലാ രംഗത്തും പുരുഷനോടൊപ്പം എത്തേണ്ടതുണ്ട്. മലബാറിലെ മുസ്‌ലിം സ്ത്രീകളില്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും ആദ്യകാലങ്ങളില്‍ ജോലിക്കു പോയിരുന്നില്ല. കുടുംബത്തിനു വേണ്ടി അധ്വാനിച്ചവര്‍ പുരുഷന്മാരായിരുന്നു. കുടുംബിനികളായി ജീവിക്കുന്നതില്‍ സ്ത്രീകള്‍ ആനന്ദം കണ്ടെത്തിയിരുന്നു. കാലത്തിന്റെ മാറ്റത്തോടൊപ്പം മലബാരി മുസ്‌ലിംകളും മാറആന്‍ നിര്‍ബന്ധിതരായതോടെയാണ് സ്ത്രീകളും തൊഴില്‍ രംഗത്തേക്ക് പ്രവേശിച്ചത്.

പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കോളനി മേധാവികളുടെ ഭാഷയില്‍ നിന്നും സംസ്‌ക്കാരത്തില്‍ നിന്നും വിജ്ഞാനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യരുടെ ഭാഷയും വിദ്യാഭ്യാസവും 'കാഫിര്‍' സംസ്‌ക്കാരത്തിന്റെ ഭാഗമായാണ് മുസ്‌ലിംകള്‍ക്കിടയിലെ മതപൗരോഹിത്യം വിലയിരുത്തിയത്. മുസ്‌ലിം മത- സമുദായ നേതൃത്വം ആദ്യകാലത്ത് ആധുനിക ഭൗതിക വിദ്യാഭ്യാസത്തോട് കാണിച്ച ഈ അനാഭിമുഖ്യം കാലത്തിനൊപ്പം ഉയരുന്നതില്‍ നിന്ന് മുസ്‌ലിംകളെ തടഞ്ഞു നിര്‍ത്തി.
പഴയ കാലത്ത് മലബാറില്‍, പഠിക്കാന്‍ പോകുന്ന മുസ്‌ലിമിനെ 'കാഫിര്‍' എന്ന കാഴ്ചപ്പാടിലായിരുന്നു വീക്ഷിച്ചിരുന്നത്. ഇതാകട്ടെ സ്ത്രീ പുരുഷ വിദ്യാഭ്യാസത്തില്‍ സമുദായത്തെ പിറകോട്ടടിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണ സുസ്ഥാപിതമായിരുന്നിട്ടും അവരോട് സന്ധിയില്ലാത്ത സമരം നടത്തിക്കൊണ്ടിരുന്നതിനാല്‍ അവര്‍ ഇവിടെ സ്ഥാപിച്ച വിദ്യാലയങ്ങളിലോ കലാലയങ്ങളിലോ കുട്ടികളെ ചേര്‍ക്കുവാന്‍ മുസ്‌ലിംകള്‍ തയ്യാറായില്ല. അവരുടെ സിവില്‍, മിലിട്ടറി സര്‍വീസുകളിലും സേവനം അനുഷ്ഠിക്കുന്നത് മതവിരുദ്ധമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിച്ചു. അവരുടെ ഭാഷയായ ഇംഗ്ലീഷും സവര്‍ണരുടെ ഭാഷയായ മലയാളവും നരകത്തിലെ ഭാഷകളാണെന്നും അവ പഠിക്കുന്നത് ഇസ്‌ലാമിന് വിരുദ്ധമാണെന്നും പ്രചാരണം നടന്നുകൊണ്ടിരുന്നു. ഇതാണ് മുസ്‌ലിംകള്‍ ആധുനിക വിദ്യാഭ്യാസത്തിന്റേയും ഔദ്യോഗിക പദവികളുടേയും കാര്യത്തില്‍ തീര്‍ത്തും പിറകിലാവാന്‍ കാരണം.
മലയാളവും ഇംഗ്ലീഷും നരകത്തിലെ ഭാഷയാണെന്ന് സങ്കല്‍പ്പിച്ച് പഠിച്ചിരുന്നില്ലെങ്കിലും മലബാറിലെ മുസ്‌ലിം സമുദായത്തില്‍ നിരക്ഷരത ഉണ്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. കാരണം, അറബി ഭാഷയും അറബി മലയാളവും മുസ്‌ലിംകള്‍ക്ക് അറിയാമായിരുന്നു.
പ്രാവസ ജീവിതത്തോടു കൂടിയാണ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത മുസ്‌ലിം സമുദായത്തിന് മനസ്സിലാകുന്നത്. സിലോണ്‍, ബര്‍മ്മ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലിക്കു വേണ്ടി പോയവര്‍ക്ക് തങ്ങളുടെ കുടുംബങ്ങളുമായി ആശയവിനിമയത്തിന് സാധിക്കാതെ വന്നു. ഇത് മലയാളം പഠിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. ലോകംകണ്ട പുരുഷന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും. അവന്‍ തന്റെ മക്കളെ പഠിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുകയും ചെയ്തു.
പഴയ കാലത്ത് എല്ലാ മതസമൂഹങ്ങളിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു. എന്നാല്‍ മുസ്‌ലിം സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നില തീരെ പരിതാപകരമായിരുന്നു. യാഥാസ്ഥിതിക മത നേതൃത്വം സ്ത്രീ വിദ്യാഭ്യാസത്തെ തീരെ പ്രോത്സാഹിപ്പിക്കാതിരുന്ന ഒരു കാലഘട്ടം കഴിഞ്ഞു പോയിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കാന്‍ പാടില്ലെന്ന 'ഫത്‌വ' പോലും മതനേതൃത്വം ഇറക്കിയിരുന്നു. പെണ്ണ് പഠിച്ചാല്‍ പ്രേമലേഖനം എഴുതുമെന്ന ന്യായമായിരുന്നു ആ കാലത്തെ മതനേതൃത്വത്തിന് സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പറയാനുണ്ടായിരുന്നത്. മുസ്‌ലിം സമുദായാംഗങ്ങളുടെ മാനേജ്‌മെന്റിന് കീഴില്‍ 1948ല്‍ ഫാറൂഖ് കോളെജ് സ്ഥാപിക്കപ്പെട്ടതിന് ശേഷം രണ്ടു ദശാബ്ദത്തോളം കഴിഞ്ഞാണ് മറ്റൊരു കോളെജ് സ്ഥാപിക്കപ്പെട്ടത്. അറുപതുകളുടെ മധ്യത്തോടെയാമ് മുസ്‌ലിം സമുദായത്തിനകത്ത് വിദ്യാഭ്യാസ നവജാഗരണം പ്രത്യക്ഷമായിത്തുടങ്ങിയത്. എണ്‍പതുകള്‍ തൊട്ട് വിദ്യാഭ്യാസ പ്രക്രിയയുടെ ആക്കം വര്‍ധിക്കുകയും പല മുസ്‌ലിം സംഘടനകളും ഗള്‍ഫ് മേഖലയില്‍ നിന്ന് ലഭിച്ച സംഭാവനകള്‍ മുസ്‌ലിം വിദ്യാഭ്യാസത്തിന് പൊതുവില്‍ കരുത്ത് പകരുകയും ചെയ്തു.
ഗള്‍ഫ് സ്വാധീനം സാധാരണക്കാരായ മുസ്‌ലിംകളുടെ സാമ്പത്തിക- വിദ്യാഭ്യാസ നിലവാരത്തില്‍ മാറ്റം വരുത്തിയെങ്കിലും പിന്നാക്ക പ്രദേശങ്ങള്‍ അപവാദമായിത്തന്നെ തുടര്‍ന്നു. പിന്നാക്ക പ്രദേശങ്ങളിലെ വലിയ ഒരു വിഭാഗം ജനങ്ങള്‍ സാമ്പത്തികമായി അടിത്തട്ടില്‍ നില്‍ക്കുന്നവരാണ്. ആണ്‍- പെണ്‍ ഭേദമന്യേ കുട്ടികളുടെ പഠന നിലവാരത്തെ ഈ സാമ്പത്തിക പരാധീനത പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആവശ്യമായ പഠന സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ സാമ്പത്തിക പരാധീനത മൂലം രക്ഷിതാക്കള്‍ക്ക് കഴിയാതെ പോകുന്നു.
സ്‌കൂളില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ തങ്ങളുടെ ബാധ്യത തീര്‍ന്നു എന്ന മട്ടിലാണ് പലപ്പോഴും പിന്നാക്ക പ്രദേശങ്ങളിലെ രക്ഷിതാക്കളുടെ സമീപനം. കുട്ടികളുടെ ദൈനംദിന പഠന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന ബോധം ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കുമില്ല.
രക്ഷിതാക്കളുടെ വിദ്യാഭ്യാസമില്ലായ്മ കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കാറുണ്ട്. വിദ്യാഹീനരായ രക്ഷിതാക്കള്‍ വിദ്യാഭ്യാസത്തെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണുന്നില്ല.
പുരോഗതിയിലേക്ക്
വിദ്യാഭ്യാസം വഴിയാണ് ഭൗതികവും മാനസികവുമായ അഭിവൃദ്ധി ഉണ്ടാകുന്നതെന്ന് അല്‍പം വൈകിയാണെങ്കിലും മുസ്‌ലിം സമുദായം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. 'വായിക്കുക, നിന്നെ സൃഷ്ടിച്ചവനായ നാഥന്റെ നാമത്തില്‍' എന്നു തുടങ്ങിയ ഖുര്‍ആന്റെ പ്രഥമ കല്‍പന മലബാറിലെ മുസ്‌ലിംകള്‍ ഗൗരവമായി എടുത്തത് ഈ കാലം മുതലാണ്.
പഴയകാലത്ത് ഉയര്‍ന്ന തറവാടുകളിലേയോ, സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങളിലേയോ പെണ്‍കുട്ടികള്‍ മാത്രമേ അല്‍പമെങ്കിലും വിദ്യാഭ്യാസം ചെയ്തിരുന്നുള്ളു. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള പത്ത് സ്ത്രീകളെ പഠനത്തിനായെടുത്തപ്പോള്‍, അതില്‍ ഉയര്‍ന്ന തറവാടുകളിലെ അഞ്ച് സ്ത്രീകള്‍ നാലാം തരം വരെ പഠിച്ചവരായിരുന്നു. മൂന്നുപേര്‍ രണ്ടാം തരം വരെ പഠിച്ചപ്പോള്‍ രണ്ടുപേര്‍ സ്‌കൂളില്‍ പോയിട്ടേ ഉണ്ടായിരുന്നില്ല.
അന്‍പത്തി അഞ്ചിനും എഴുപതിനും ഇടയില്‍ പ്രായമുള്ള പത്ത് സ്ത്രീകളില്‍ നാലും പേര്‍ ഏഴാം ക്ലാസ്സും മൂന്നുപേര്‍ എട്ടാം ക്ലാസ്സുമായിരുന്നു. ഒരാള്‍ ആറാം ക്ലാസ് വരെ പഠിച്ചപ്പോള്‍ ബാക്കി രണ്ടുപേര്‍ അഞ്ചാം തരക്കാരായിരുന്നു.
നാല്‍പതിനും നാല്‍പത്തി അഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ എട്ടുപേര്‍ പത്താംതരം കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ എട്ടാം ക്ലാസുകാരായിരുന്നു. മുപ്പതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള എല്ലാവരും പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ളവരായിരുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാകട്ടെ പ്രീഡിഗ്രിക്ക് മുകളിലായിരുന്നു വിദ്യാഭ്യാസം.
വിദ്യാഭ്യാസം തീരെ ലഭിച്ചിട്ടില്ലാത്ത തലമുറകളുടെ അനന്തര തലമുറകള്‍ പടിപടിയായി വിദ്യാഭ്യാസം നേടിത്തുടങ്ങിയത് മുസ്‌ലിംകളിലെ വിദ്യാഭ്യാസ പുരോഗതിയുടെ തെളിവാണ്. ആധുനിക മുസ്‌ലിം വനിതകളുടെ ശരാശരി വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രിയോ പ്ലസ് ടുവോ ആണെന്നത് ഒന്നുമില്ലായ്മയില്‍ നിന്ന് പുതുലോകം സൃഷ്ടിച്ചതിന് തുല്യമാണ്. ഗള്‍ഫ് സ്വാധീനം സാധാരണക്കാരന്റെ ജീവിതത്തിലും പ്രതിഫലിച്ചപ്പോള്‍ സ്ത്രീ വിദ്യാഭ്യാസത്തിനും പ്രാധാന്യം കൈവന്നു. പുരുഷന്മാര്‍ കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക മേഖലകളും സ്ത്രീകള്‍ക്കും കൈകാര്യം ചെയ്യേണ്ടി വന്നു. മാത്രമല്ല, പുരുഷന്മാര്‍ക്ക് ഗള്‍ഫില്‍ ജോലിയുള്ള വീടുകളില്‍ കാര്യങ്ങള്‍ നോക്കിനടത്തിയത് സ്ത്രീകളായിരുന്നു. ഇത് സ്ത്രീകളില്‍ ഉത്തരവാദിത്വം വര്‍ധിപ്പിച്ചു. ഇത്തരം സാഹചര്യങ്ങള്‍ സ്ത്രീകളില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും തങ്ങളുടെ അടുത്ത തലമുറയ്‌ക്കെങ്കിലും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന ബോധം ഉണ്ടാക്കുകയും ചെയ്തു. ആദ്യകാലത്ത് പെണ്‍ വിദ്യാഭ്യാസത്തെ അനുകൂലിക്കാതിരുന്ന യാഥാസ്ഥിതിക മത പൗരോഹിത്യത്തിന് പിന്നീട് വനിതാ വിദ്യാഭ്യാസത്തെ അനുകൂലിക്കേണ്ടി വന്നു. യാഥാസ്ഥിതിക മത പൗരോഹിത്യത്തിന്റെ കൈകളില്‍ നിന്നും മുസ്‌ലിം സമുദായത്തെ രക്ഷിക്കണമെന്ന പുരോഗമനേച്ഛുക്കളുടെ ചിന്തയുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായാണ് ഇത് സംഭവിച്ചത്. പെണ്‍ വിദ്യാഭ്യാസത്തിനെതിരെ ഫത്‌വ പുറത്തിറക്കിയ സമൂഹം ഇന്ന് വനിതാ കോളെജുകളും വനിതാ മാസികകളും നടത്തുന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. പുടവ, ആരാമം, പൂങ്കാവനം, സന്തുഷ്ട കുടുംബം തുടങ്ങിയവ മലബാറില്‍ നിന്നും പുറത്തിറങ്ങുന്ന മുസ്‌ലിം വനിതാ മാസികകളാണ്. വിദ്യാഭ്യാസ മേഖലയില്‍, ആണ്‍കുട്ടികളേക്കാള്‍ പ്രകടമായ മുന്നേറ്റം നടത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണ്. പ്രഫഷണല്‍ കോളെജുകളിലും മുസ്‌ലിം പെണ്‍കുട്ടികളുടെ ആധിപത്യമാണ് കാണുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍