Wednesday, April 29, 2009

നാട്ടുവഴികളില്‍ സൈക്കിളുകള്‍ ഇല്ലാതാകും കാലം
കാലം കംപ്യൂട്ടറിനുവഴി മാറിക്കൊടുത്ത അതേ വേഗത്തില്‍ തന്നെയാണ് സൈക്കിളുകള്‍ മറ്റു വാഹനങ്ങള്‍ക്ക് വേണ്ടി തന്റെ വഴി അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞത്‌. നാട്ടിന്‍പുറത്തെ ഒറ്റയടിപ്പാതകള്‍ ഇല്ലാതായിപ്പോയ കാലത്തു തന്നെയാണ് സൈക്കിലുകലെല്ലാംഇരുട്ടിന്റെ പൂപ്പല്‍ മണക്കുന്ന മൂലകളിലേക്ക് ഒതുങ്ങിയത്. വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തില്‍ പായുന്ന വാഹനം ഏത് ആഡ്ഡമ്ബരതിന്ടെ പേരില്‍ ആയിരിക്കും ഉള്നാടുകള്‍ പോലും ഉപേക്ഷിച്ചത്‌. പെട്രോളും ദീസേലും വേണ്ടാത്ത, ആരോഗ്യ സംരക്ഷണത്തിന് വ്യായാമം നല്കുന്ന, പാരിസ്ഥിതിക ദോഷങ്ങള്‍ ഇല്ലാത്ത, ഏത് സാധാരണക്കാരന്റെയും കീശയ്ക്കു ഒതുങ്ങുന്ന വിലയുള്ള സൈക്കിളുകളെ വഴിയില്‍ ഉപേക്ഷിച്ച് നാം ഇപ്പോള്‍ നാനോ കാറിനു പിന്നാലെയാണ്. വീട്ടില്‍ അറിയാതെ സൈക്കിള്‍ വാടകയ്ക്ക് എടുത്ത്, കൂട്ടുകാരനെയും ഡബിള്‍ എടുത്ത് കറങ്ങി നടന്ന കാലം ഇനി മടങ്ങി വരാത്ത വിധത്തില്‍ പൊയ്പോയിരിക്കുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിള്‍ സാഹസികനെ പോലെ ചവിട്ടി മുന്നേറിയ ബാല്യം. സൈക്കിള്‍ ഷാപ്പും വാടകയ്ക്ക് എടുക്കലും എല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ കറങ്ങിത്തിരിഞ്ഞ്‌ ഇല്ലാതായിപ്പോയി. ഇപ്പോള്‍ മഷി ഇട്ടു നോക്കിയാല്‍ നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ ഏതെങ്കിലുമൊരു മൂലയില്‍ പഴയ ഏതെങ്കിലുമൊരു സൈക്കിള്‍ ഷാപ്പ് കണ്ടെത്താന്‍ കഴിഞ്ഞെന്നിരിക്കും. ഒരു കാലത്ത്‌ പ്രതാപത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും പേറി തിരക്കോട് തിരക്ക് ഉണ്ടായിരുന്ന ഒരിടം ഇപ്പോള്‍ അനാഥം ആയതു പോലെ. സൈക്കിളിനു സംസാരിക്കാന്‍ കഴിഞ്ഞിരിന്നെന്കില്‍ അത് എന്തെല്ലാം കഥകള്‍ പറയുമായിരുന്നു. സൈക്കിളിനു പകരം സൈക്കിള്‍ റിപ്പയര്‍ ആയ ഒരു യുവാവ് സംസാരിക്കുന്നു. തലശ്ശേരിയില്‍ പിലാക്കൂളിനും മറ്റാംബ്രം പള്ളിക്കും ഇടയില്‍ മെയിന്‍ റോഡിലെ ആലി ഹാജി പള്ളി കെട്ടിടത്തില്‍ എ സി പി സൈക്കിള്‍ ഷാപ്പ് നടത്തുകയാണ് ഇസ്മൈല്‍ എന മുപ്പത്തിനാലുകാരന്‍. ഇസ്മൈലിന്റെ ഉപ്പ അബ്ദുള്ള ആയിരുന്നു ആദ്യകാലത്ത്‌ എ സി പി സൈക്കിള്‍ ഷാപ്പ് നടത്തിയിരുന്നത്. കാലം അര നൂറ്റാണ്ട് മുമ്പു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി അധികം വര്‍ഷങ്ങള്‍ ആയിട്ടില്ല. സൈക്കിള്‍ വാടകയ്ക്ക് നല്‍കിയും സൈക്കിള്‍ റിപ്പയര്‍ ചെയ്തും തന്റെ ഭാര്യയേയും അഞ്ചു മക്കളെയും അബ്ദുള്ള സംരക്ഷിച്ചു. അബ്ദുള്ളയുടെ മൂന്നു ആണ്‍ മക്കളില്‍ മൂത്തവനായ ഇസ്മൈല്‍ പിതാവിനെ പോലെ സൈക്കിളിനോട് കമ്പം കയറി അദ്ദേഹത്തോടൊപ്പം കൂടി. മറ്റു രണ്ടു ആണ്‍ മക്കളും പൊന്നു വിളയുന്ന നാട്ടിലേക്ക് കടല് കടന്നു. കടയില്‍ ഒരു വിദേശ സൈക്കിളിന്റെ ടയര്‍ നന്നാക്കുകയായിരുന്നു ഇസ്മൈല്‍. അതിന്റെ തിരക്കുകളില്‍ മുഴുകി ഇസ്മൈല്‍ സൈക്കിള്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു; തന്റെ ജീവിത കഥയും. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയാണ് ഇസ്മൈല്‍ സൈക്കിള്‍ കടയില്‍ ഉപ്പയോടൊപ്പം ജോലി തുടങ്ങുന്നത്. ഉപ്പയ്ക്ക് അക്കാലത്ത് കുറെ ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. പക്ഷെ, അവര്‍ ആരും പിന്നീട് സൈക്കിളിന്റെ ലോകത്തേക്ക് വന്നില്ല. പിതാവിന്റെ പാത പിന്തുടര്‍ന്നത് പുത്രന്‍ മാത്രം. ഈ ജോലിയില്‍ പുതിയ തലമുറ കടന്നു വരാത്തതില്‍ ഇസ്മൈലിനു നേരിയ പരിഭവം ഉണ്ട്. വഴി അടയാളങ്ങളില്‍ കയറി ഇറങ്ങുന്ന സൈക്കിള്‍ ടയറുകള്‍ പോലെ ജീവിതത്തിന്റെ കയറ്റവും ഇറക്കവും അനുഭവിച്ചത് കൊണ്ടായിരിക്കാം ഇസ്മൈലിന്റെ വാക്കുകള്‍ക്കും തത്വചിന്തകന്റെ ഭാവം. തലശ്ശേരി മെയിന്‍ റോഡിലൂടെ ഇടതടവില്ലാതെ കടന്നു പോകുന്ന വാഹനങ്ങള്‍. കാല്‍ നടക്കാരും ബൈക്കുകളില്‍ പോകുന്നവരും ഇസ്മൈലിനെ അഭിവാദ്യം ചെയ്യുന്നുണ്ട്. ജോലി തിരക്കിനിടയിലും ഇസ്മൈല്‍ അവരെ പരിഗണിക്കുകയും കുശലം പറയുകയും ചെയ്യുന്നുണ്ട്. ഇടക്കിടെ കടന്നു വരുന്ന കുട്ടികള്‍. ഇസ്മൈല്‍ക്കാ... പഞ്ചര്‍ അടച്ചുവോ, സൈക്കിള്‍ ശരിയായോ എന്നൊക്കെ ചോദിക്കുന്നുണ്ട്. കേരളത്തില്‍ സൈക്കിള്‍ യുഗത്തിന് നേരിയ അന്ത്യം ആയെങ്കിലും ഇന്ത്യയിലെ മറ്റിടങ്ങളില്‍ സൈക്കിളിനു ഏറെ ആളുകള്‍ ഉണ്ടെന്നാണ് ഈയ്യിടെ പത്രത്തില്‍ വായിച്ചത്‌- ഇസ്മൈല്‍ പറഞ്ഞു. ഇവിടെ സൈക്കിള്‍ ഓടിക്കുക എന്നാല്‍ എന്തോ കുറച്ചില്‍ പോലെ ആണ്. ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും കൌമാരക്കാരും ബാല്യത്തില്‍ ഉള്ളവരും ആണ്. എന്നാലും സൈക്കിളിനു വിലയൊന്നും കുറയുന്നില്ല. ആയിരത്തി അഞ്ഞൂറ് രൂപ വരെ വില ഉണ്ടായിരുന്ന ഹെര്‍ക്കുലീസിനും ഹീരോയ്ക്കുമൊക്കെ ഇപ്പോള്‍ മൂവായിരത്തിന് മേലെ ആണ് വില. സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്നവര്‍ ഇപ്പോള്‍ തീര്ത്തും കുറവ് ആണ്. പണ്ടു സൈടാര്‍ പള്ളിക്കും പഴയ ബസ്‌ സ്ടാണ്ടിനും ഇടയിലുള്ള രണ്ടോ മൂന്നോ കിലോ മീറ്റെരിനു ഉള്ളില്‍ നിറയെ സൈക്കിള്‍ ഷാപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തലശ്ശേരിയില്‍ മുഴുവന്‍ എടുത്തു നോക്കിയാല്‍ അഞ്ചോ ആരോ എണ്ണമേ കാണുകയുള്ളൂ. അഞ്ചാറു കൊല്ലം മുമ്പു സൈക്കിള്‍ ഉപയോഗം തീരെ കുറഞ്ഞിരുന്നു. ബൈക്കുകളും മറ്റും ധാരാളം ഫാശനുകളില്‍ ഇറങ്ങിയ കാലം ആയിരുന്നു അത്. ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. പിന്നെ, സൈക്കിള്‍ ഷാപ്പുകള്‍ കുറവ് ആയതിനാല്‍ ഞങ്ങള്‍ക്കൊക്കെ അത്യാവശ്യം ജീവിച്ചു പോകാനുള്ള പണി കിട്ടുന്നുണ്ട്‌- ഇസ്മൈല്‍ പറഞ്ഞു. ദിവസവും പത്തോ ഇരുപതോ സൈക്കിലുകലാണ് റിപ്പയരിങ്ങിനു എത്തുക. ഓരോന്നിനും ഓരോ വിധത്തിലുള്ള കേടു ആയിരിര്‍ക്കും. ചിലതിനു പഞ്ചര്‍ അടക്കണം, മറ്റു ചിലതിനു ടയര്‍ മാറ്റാന്‍ ഉള്ളത് ആയിരിക്കും. കുട്ടികളെ കൂടാതെ മീന്‍ വില്‍ക്കുന്നവരും പത്രം വിതരണം ചെയ്യുന്നവരും സോഡാ കൊണ്ടുപോകുന്നവരും ആണ് ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കുന്നത്. ചില വലിയ കടകളിലും സൈക്കിള്‍ ഉണ്ടാകും. അവിടുത്തെ തൊഴിലാളികള്‍ക്ക്‌ ഗുധാമിലും മറ്റും പോകാന്‍ വേണ്ടി ഉള്ളത്‌. രാവിലെ ഒന്‍പതു മണിയോടെ തുറക്കുന്ന എ സി പി സൈക്കിള്‍ ഷാപ്പ് അടക്കുമ്പോള്‍ വൈകിട്ട് ഏഴ് മണി ആകും. സൈക്കിള്‍ കടയാണ് നടത്തുന്നത് എങ്ങിലും ഇസ്മൈലിനു സ്വന്തമായി സൈക്കിള്‍ ഇല്ല. കടയിലുള്ള ഏത് സൈക്കിളും ഇസ്മൈളിന്റെത് ആണല്ലോ. പുന്നോല്‍ ഗേറ്റിനു സമീപം ആസിയ മന്‍സിലില്‍ താമസിക്കുന്ന ഇസ്മൈലിനു ഭാര്യയും രണ്ടു മക്കളും ആണ് ഉള്ളത്‌. ഉപ്പ അബ്ദുള്ളയും ഉമ്മ മറിയവും രണ്ടു പെങ്ങന്മാരും അടങ്ങുന്ന കുടുംബം. ഈ ജോലി കൊണ്ടു ജീവിക്കാന്‍ ആകുമെന്ന് ഇസ്മൈലിനു ഉറപ്പുണ്ട്. സൈക്കിള്‍ ചക്രങ്ങള്‍ പോലെ കാലവും കറങ്ങി തീരുന്നു. അതിനിടയില്‍ ഇസ്മൈലും ഇസ്മൈലിനെ പോലെ ഉള്ളവരും ഇവിടെ ആരോടും പരിഭവം ഇല്ലാതെ കഴിയുന്നുണ്ടാകും. വൈദ്യുതി ഇല്ലാത്ത കടയില്‍ ജീവിതത്തെ വെളിച്ചമാക്കി ഇസ്മൈല്‍ ജോലി എടുക്കുന്നുണ്ട്. മുമ്പു ആണ്‍ കുട്ടികള്‍ ആയിരുന്നു സൈക്കിള്‍ ഏറെ ഉപയോഗിച്ചിരുന്നതെന്കില്‍ ഇപ്പോള്‍ ചെറിയ പെണ്‍കുട്ടികള്‍ ധാരാളമായി സൈക്കിളില്‍ യാത്ര ചെയ്യുന്നുണ്ട് എന്നാണു ഇസ്മൈലിന്റെ നിരീക്ഷണം. കുട്ടിക്കാലത്തിന്റെ കൌതുകങ്ങളില്‍ ഒന്നായിരുന്നു സൈക്കിളിലുള്ള കറക്കം. നാട്ടു വഴികളിലൂടെയും വളഞ്ഞു പുളഞ്ഞു പോകുന്ന വയല്‍ വരംബിലൂടെയും ചെമ്മണ്ണ്‍ വേദനിപ്പിക്കുന്ന കുന്നുകളിളുടെയും പട്ടണത്തിലെ തിരക്കേറിയ രോടുകളിലൂടെയും അക്കാലത്ത്‌ എത്ര തവണ സൈക്കിളില്‍ പോയിട്ടുണ്ട്. കഴിഞ്ഞു പോയ ഏതോ ഒരു കാലത്ത്‌ സൈക്കിള്‍ ഓരോ കുട്ടിയുടെയും അഹങ്കാരം ആയിരുന്നു- സ്വകാര്യമായ അഹങ്കാരം. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയാമല്ലോ എന്ന് സമ പ്രായക്കാരനെ നോക്കി പറയുമ്പോള്‍ അവന്‍ വല്ലാതെ പുളകം കൊണ്ടിരുന്നു. സൈക്കിള്‍ അറിയാത്തവന് ജീവിതത്തിന്റെ രസം അനുഭവിക്കാന്‍ അറിയാത്ത പോലെ... സ്കൂളില്‍ പോകുമ്പോള്‍ ഒയളിച്ചമുട്ടായിയും നാരങ്ങ മുട്ടായിയും ഒക്കെ വാങ്ങാന്‍ തരുന്ന പണം ഒരാഴ്ച സ്വരൂപിച്ച് വെച്ചായിരുന്നു അക്കാലത്ത്‌ കുട്ടികള്‍ എല്ലാം സൈക്കിള്‍ വാടകയ്ക്ക് എടുത്തിരുന്നത്. തിന്കളില്‍ തുടങ്ങുന്ന ദിവസം എങ്ങനെ എങ്കിലും വെള്ളി ആഴ്ച ആകാന്‍ പ്രാര്‍ത്തിച്ചു നടന്ന ദിനന്കള്‍. ശനി ആഴ്ച പുലര്‍ന്നാല്‍ പിന്നെ സൈക്കിളിനു വേണ്ടിയുള്ള നെട്ടോട്ടം ആയി. വാടകയ്ക്ക് സൈക്കിള്‍ എടുത്തുള്ള ഒരു മണിക്കൂര്‍ കറക്കത്തിനു ഒരാഴ്ച കാലം ഒയളിച്ച മുട്ടായി തിന്ന സ്വാദുണ്ടാകും. കാല്‍ സൈക്കിലെന്നും അര എന്നും ഒരു സൈക്കിള്‍ എന്നും ഓമന പേര്‍ ഇട്ടു വിളിച്ച വലുപ്പ ചെറുപ്പത്തിന്റെ നാളുകള്‍. പത്താം ക്ലാസ്സില്‍ എത്തിയാല്‍ ഏറെ മുതിര്ന്ന കുട്ടി ആകും എന എല്‍ പി സ്കൂള്‍ കാരന്റെ ആഗ്രഹം തന്നെ ആയിരിക്കണം "ഒരു സൈക്കിള്‍" എടുത്താല്‍ വലുത്‌ ആയെന്ന ചിന്തയും. എന്തായാലും അക്കാലത്ത്‌ സൈക്കിള്‍ ജീവിതത്തിലെ സ്വപ്ന ചക്രങ്ങളെയും ഏറെ തിരിച്ചിരുന്നു.

1 comment:

 1. നന്ദി.... ഒരുപാടുനന്ദി...
  ആ കാലത്തിലേക്ക് കൊണ്ടുപോയതിന്നു...
  ആദ്യമായി വാടകക്കെടുത്തതും........ വട്ടത്തില്‍ ചവിട്ടിയതും ...നീളത്തില്‍ പാഞ്ഞതും.... ഉരുണ്ടു വീണതും .... മുട്ട് പൊട്ടിയതും...
  വാടകയ്ക്കെടുത്ത സൈക്കിള്‍ ബസിന്റെ അടിയിലേക്ക് മറിഞ്ഞതും.. ബസ്സ് കയറിയിറങ്ങിയ സൈക്കിള്‍ കടക്കാരന്‍ കാണാതെ പതിയെ പുറത്തു വച്ചു പത്തു മിനുറ്റ്‌ ലേറ്റ് ആയതിനു ഒരു മണിക്കൂറിന്റെ പൈസ എടുത്തോളൂ എന്ന് ഡിസന്റ് ആയതും.....
  ആ പാവങ്ങളെ ഓര്‍ത്തതിന്നു നന്ദി.... ഒര്മിപ്പിച്ചതിന്നും...
  ഇല്ല...... നന്ദിയെന്നു പറയുന്നില്ല.... ഇരിക്കട്ടെ ഒരു കടം മനസ്സില്‍....എന്നന്നേക്കുമായി....

  ReplyDelete

Followers

About Me

My photo
thalassery, muslim/ kerala, India