Saturday, August 19, 2017

മരുഭൂമി കണ്ടുതുടങ്ങുമ്പോള്‍


മുമ്പില്‍ കടല്‍പോലെ മരുഭൂമി.
എത്രകണ്ടാലും കൊതി തീരാത്ത കടലിന് ഇളംനീലയും കടുംനീലയുമൊക്കെ നിറം. ലോകമുണ്ടായി ഇത്രയും കാലമായിട്ടും മനുഷ്യര്‍ക്ക് കൂട്ടിയൊരുക്കാന്‍ കഴിയാത്ത പോലുള്ള നീലയുടെ വിവിധ വകഭേദങ്ങള്‍....
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിക്ക് എന്തുനിറം? മഞ്ഞ, മഞ്ഞയുടെ വിവിധ വകഭേദങ്ങള്‍, ചാരനിറം, ഇന്നുവരേയും മനുഷ്യര്‍ കണ്ടെത്തിയിട്ടില്ലാത്ത വിവിധ നിറങ്ങള്‍...
കടലും മരുഭൂമിയും ഒരുപോലെ. എത്ര കണ്ടിട്ടും മതിവരാത്ത അനുഭൂതി......
കടല്‍ കണ്ടാസ്വദിക്കുന്നവന് അത് ആഹ്ലാദം പകരും. കടലില്‍ പെട്ട് രക്ഷയില്ലാതെ ഉഴലുന്നവനോ?
മരുഭൂമി കാണാന്‍ പോകുന്നവന് അതൊരു സാഹസികതയുടെ സന്തോഷമാണ്. മരുഭൂമിയില്‍ ദിക്കറിയാതെ പെട്ടുഴലുന്നവന് പിന്നെ ജീവിതം കണ്ടെത്താനായെന്ന് വരില്ല.
കടലില്‍ വെള്ളം കുടിച്ച് മരിക്കാം. മരുഭൂമിയില്‍ ശരീരത്തിലെ വെള്ളം വാര്‍ന്നു തീര്‍ന്ന് മരിക്കാം. കടല്‍ കൊടുക്കുന്നത് മരുഭൂമി തിരിച്ചെടുക്കുന്നു. കടല്‍ സൗന്ദര്യത്തിന്റെ അഗാധതയുണ്ട് മരുഭൂമിക്കും. അപ്പോള്‍ ഇവര്‍ക്കു തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടാവണം. അറേബ്യന്‍ ഗള്‍ഫിലെങ്കിലും കടലും മരുഭൂമിയും സഹോദരങ്ങളായിരിക്കണം.
ക്ഷയിച്ചു പോയ കടല്‍ തറവാടായിരിക്കുമോ മരുഭൂമി... ചിലപ്പോള്‍ അങ്ങനെയാവാം. എത്ര ക്ഷയിച്ചാലും മരുക്കുന്നുകളുടെ വേരുകളോടാത്ത അഗാധതയില്‍ നിധിയൊളിപ്പിച്ച ഭൂതമാണ് മരുഭൂമി. കടലും അങ്ങനെ തന്നെ. നിധിയുടെ ശേഖരം ഒളിപ്പിച്ചു വെച്ച മരുഭൂ സഹോദരി.

***** ***** ***** ***** ***** ***** ***** ***** ***** ***** *****

മുമ്പില്‍ വിശാലമായ മരുഭൂമിയാണ്. ആദ്യം കണ്ടപ്പോള്‍ പരന്നുകിടക്കുകയാണെന്ന് ഭൂമിയെന്ന് മരുപ്രദേശം തെറ്റിദ്ധരിപ്പിച്ചു. അകത്തേക്കകത്തേക്ക് പോകുന്തോറും സന്ദേഹത്തിന്റെ വലിയൊരു മലയാണ് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. കാറ്റടിച്ച് കുന്നുകൂട്ടിയ മണല്‍. ഓരോ മണല്‍ തരിയുമെടുത്ത് ആരോ പൊന്നിന്‍ നിറം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. കൈയ്യിലെടുത്താല്‍ കൊതിപ്പിക്കുന്ന നേര്‍മ. ചീറിപ്പായുന്ന വാഹനത്തിന് പിറകില്‍ മണല്‍ തെറിച്ചു വീഴുന്നുണ്ട്. ഓരോ കുന്നിനപ്പുറവും മറ്റൊരു മണല്‍ കുന്ന്. അതിസാഹസികരും പ്രഗത്ഭരുമായ ഡ്രൈവര്‍മാര്‍ക്കു മാത്രം വാഹനം ഓടിച്ചു കയറ്റാന്‍ കഴിയുന്ന മരുക്കുന്ന്. ശരിയായ പരിശീലനം കിട്ടിയില്ലെങ്കില്‍ വാഹനം പൂഴിയില്‍ പൂണ്ടുപോകും. കുത്തനെ കയറ്റിയും ഇറക്കിയും ഓരോ മരുക്കുന്നും കടന്നുപോകുമ്പോള്‍ അതിനപ്പുറത്ത് മറ്റൊരു മണല്‍ കൂന.
ശ്രദ്ധിച്ച് വാഹനമോടിച്ചില്ലെങ്കില്‍ രണ്ട് മണല്‍ കൂനകള്‍ക്കിടയിലെ ചതിക്കുഴികളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. ചതിക്കുഴിയില്‍ ഇറങ്ങിപ്പോയാല്‍ പിന്നെ വാഹനം രക്ഷപ്പെടുത്തിയെടുക്കാന്‍ കുറച്ച് പ്രയാസപ്പെടേണ്ടി വന്നേക്കും. ചിലപ്പോള്‍ വാഹനത്തിലിരിക്കുന്നവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യും.
ഗള്‍ഫിലെത്തുന്നതുവരെ കടലും മരുഭൂമിയും തൊട്ടുകിടക്കുമെന്ന് അറിഞ്ഞിരുന്നതേയില്ല. മരുഭുമിക്ക് കടലും കടലിന് മരുഭൂമിയും അലര്‍ജിയാണെന്ന് നിനച്ചിരുന്നത്. പക്ഷേ, വിമാനം ഗള്‍ഫിന്റെ മേലാപ്പിലെത്തിയപ്പോഴേ തിരിച്ചറിഞ്ഞു, ഇവിടെ മരുഭൂമിയോട് കടല്‍ കിന്നാരം പറയുന്നുണ്ട്!!
കടലാഴങ്ങളുടെ അഗാധത മരുഭൂമിക്കുമുണ്ട്. കടല്‍ തിരയുടെ നിമ്‌നോന്നതികള്‍ മരുക്കുന്നുകള്‍ സൃഷ്ടിക്കുന്നുണ്ട്.
അറിയുമോ? ലോകത്ത് രണ്ടേരണ്ട് സ്ഥലത്ത് മാത്രമേ മരുക്കുന്നുകള്‍ നേരെ കടലിലേക്ക് ചേരുന്നുള്ളു. അതിലൊന്ന് ഖത്തറിലാണ്. അങ്ങനെ കടലും മരുഭൂമിയുടെ കുന്നുകളും ചെന്നുചേരുന്നിടത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്ന് ആലോചിച്ചപ്പോള്‍ വല്ലാത്ത അഭിമാനം തോന്നി. ലോകത്ത് എത്രപേര്‍ക്ക് ലഭിക്കും ഇത്തരമൊരു ഭാഗ്യം!
അംഗീകാരം എന്ന ചിത്രത്തില്‍ ബിച്ചു തിരുമലയുടെ രചനയ്ക്ക് എ ടി ഉമ്മര്‍ സംഗീതം നല്കി യേശുദാസ് ആലപിച്ച ഒരു ഗാനമുണ്ട്: 'നീലജലാശയത്തില്‍' എന്നു തുടങ്ങുന്ന ഗാനം. പാട്ടിലെ വരിയിലേതു പോലെ കടലില്‍ വെള്ളം മനോഹരമായ നീലയിലായിരുന്നു. കടലിനപ്പുറം, ദൂരെ സഊദി അറേബ്യ കാണാം. മൊബൈലില്‍ ഇടക്കിടെ മാറി വരുന്ന റേഞ്ചില്‍ ഖത്തറിനോടൊപ്പം സഊദിയും ദുബൈയുമുണ്ട്.
ദോഹയില്‍ നിന്നും വക്‌റയും കടന്ന് ഉംസഈദില്‍ നിന്നാണ് മരുഭൂമിയിലേക്ക് കയറിപ്പോയത്. കുറ്റിച്ചെടികളും ഉറച്ച മണലുമുള്ള ആദ്യത്തെ കുറച്ചു ഭാഗം കഴിഞ്ഞപ്പോള്‍ തന്നെ മരുഭൂമി തനിസ്വരൂപം കാണിച്ചു തുടങ്ങിയിരുന്നു. ചുട്ടുപൊള്ളുന്ന സൂര്യന്‍ ആകാശത്ത്. സൂര്യനോട് മത്സരിക്കാന്‍ കടല വറുക്കാനുള്ള ചൂടുമായി മരുഭൂമി താഴെ. വഴി തെറ്റിക്കാനും പേടിപ്പിക്കാനും മണല്‍ കുന്നുകള്‍ മുമ്പില്‍. മരുഭൂമിയിലെ ചതിക്കുഴികളെ കുറിച്ചും മണല്‍ക്കുന്നുകളെ കുറിച്ചും കൃത്യമായ ധാരണയില്ലാതെയാണ് പോകുന്നതെങ്കില്‍, ഉറപ്പ് ചതിക്കപ്പെടും.
ദിക്കും ദിശയുമറിയാതെ വേവലാതിപ്പെടുമ്പോഴാണ് ആടുജീവിതങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാവുക. മരുഭൂമിയില്‍ ആളുകള്‍ ഏറെ പോകുന്ന വഴികളില്‍ പാമ്പുണ്ടാവില്ല. പക്ഷേ, മരുഭൂമിയുടെ അകത്തേക്ക് പ്രവേശിക്കുന്തോറും പാമ്പിനെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. ആടുജീവിതത്തില്‍ വലിയ ആടുകളെ തിന്നാനെത്തുന്ന പാമ്പുകളെ പോലുള്ളവ കണ്ടെത്തിയേക്കാം. പൂഴിയില്‍ പതിഞ്ഞ് കിടക്കുന്ന അവയെ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല.
പ്രാകൃത ദിനോസറുകളുടെ കാലംതെറ്റി പിറന്ന കുട്ടികളെ പോലെ ഓന്തുകളും ഉടുമ്പുകളും. മരുഭൂമിയുടെ നിറം ദേഹത്ത് പകര്‍ന്ന് തലയുയര്‍ത്തി നോക്കുന്ന അവയെയൊന്നും പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. വാഹനത്തിന്റെ ഇരമ്പല്‍ ശബ്ദം അവ പൂഴിയിലൂടെ കേള്‍ക്കുന്നുണ്ടാകുമോ? ഉണ്ടാകുമായിരിക്കും. അല്ലെങ്കില്‍ അവ വാഹനങ്ങള്‍ കാണുന്നുണ്ടാകണം. ദൂരെ വണ്ടിയോടുമ്പോള്‍ തന്നെ അവ സ്വന്തം കുഴികളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.
കാണുമ്പോള്‍ തരിശാണെന്ന് തോന്നിക്കും. പക്ഷേ, എത്രതരം ജീവജാലങ്ങളാണ് മരുഭൂമിയിലും വസിക്കുന്നത്. കണ്ടാലല്ലാതെ കേട്ടാല്‍ അവ വിശ്വസിക്കാന്‍ തോന്നണമെന്നില്ല.
***** ***** ***** ***** ***** ***** ***** ***** ***** ***** *****

മരുഭൂമി പിറകില്‍ മറയുകയാണ്. കടല്‍ കാണാന്‍ പോയ കുട്ടിയുടെ അത്ഭുതം മുഖത്തു നിന്നും മാറിയിട്ടില്ല. മരുഭൂമി കണ്ടുതിരിക്കുമ്പോള്‍ പിന്നേയും പിന്നേയും തിരിഞ്ഞു നോക്കാന്‍ തോന്നി. കടല്‍ മാത്രമല്ല, മരുഭൂമിയും അത്ഭുതമാണ്. വിസ്മയത്തിന്റെ മഹാവിസ്‌ഫോടനങ്ങള്‍ അകത്തും പുറത്തും കാത്തുവെക്കുന്ന മഹാത്ഭുതം.

Friday, August 18, 2017

മലേഷ്യയില്‍ വന്‍ മാറ്റം പ്രതീക്ഷിക്കുന്നു: അന്‍വര്‍ ഇബ്രാഹിം

മലേഷ്യയില്‍ സാമ്പത്തിക- സാമൂഹ്യ രംഗങ്ങളില്‍ വന്‍ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് മലേഷ്യന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയും കെഅദിലന്‍ (ജസ്റ്റിസ്) പാര്‍ട്ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. വര്‍ത്തമാനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്.

? മലേഷ്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥ എന്താണ്?
= നിലവില്‍ സമാധാനമുണ്ട്. സാമ്പത്തികമായും കുഴപ്പമില്ല. പക്ഷേ, ഞങ്ങള്‍ വളരെ പിറകിലാണ്. തൊണ്ണൂറുകളുമായി താരമ്യപ്പെടുത്തിയാല്‍ മാത്സര്യ സ്വഭാവം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഭയങ്കരമായ അഴിമതിയാണ് നടക്കുന്നത്. അവിടെ ജനാധിപത്യമില്ല. ഞാനാണ് മലേഷ്യയിലെ പ്രതിപക്ഷ നേതാവ്. ഞങ്ങളുടെ പാര്‍ട്ടിക്ക് 2008ലെ തെരഞ്ഞെടുപ്പില്‍ 82 പേരെ പാര്‍ലമെന്റിലേക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞു. പക്ഷേ, എല്ലാ നിയന്ത്രണവും സര്‍ക്കാരിലാണുള്ളത്. അവിടെ ഞങ്ങള്‍ക്ക് മാധ്യമ സ്വാതന്ത്ര്യമില്ല. നീതിന്യായ വ്യവസ്ഥയും സ്വതന്ത്രമല്ല. ഭയങ്കരമായ അഴിമതിയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മാര്‍ച്ച് അവസാനത്തിനും ജൂണിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഞങ്ങള്‍ വിശ്വസിക്കുന്നു, ഇന്‍ശാഅല്ലാ, എന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരും.

? ഖത്തറില്‍ നിന്നും ഏതുതരത്തിലുള്ള പിന്തുണയാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?
ഇവിടെ നിരവധി മലേഷ്യക്കാരുണ്ട്. തുര്‍ക്കി പ്രധാനമന്ത്രിയുടെ ക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഞാന്‍ തുര്‍ക്കി സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഉംറ നിര്‍വഹിച്ചതിനു ശേഷം ഖത്തറിലേക്ക് വരികയായിരുന്നു. അറബ് വസന്തത്തിനുശേഷം ജനാധിപത്യത്തിനും ഇസ്‌ലാമിനും പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. ഈ കാര്യങ്ങളാണ് ഞങ്ങള്‍ തുര്‍ക്കിയില്‍ ചര്‍ച്ച ചെയ്തത്. അറബ് വസന്തത്തെ പിന്തുണക്കുകയെന്നാല്‍ ജനാധിപത്യത്തേയും സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശങ്ങളേയും  പിന്തുണക്കുക എന്നാണര്‍ഥം.

? അറബ് വസന്തം മലേഷ്യയില്‍ എന്തുതരം സ്വാധീനമാണ് ഉണ്ടാക്കിയത്?
= അറബ് വസന്തം തീര്‍ത്തും ഗുണപരമായ സ്വാധീനമാണ് ചെലുത്തിയത്. ഏറെ പിന്നാക്കമായി നില്‍ക്കുന്ന അറബ് ലോകത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ ഭരണക്രമമായി ജനാധിപത്യം തെരഞ്ഞെടുക്കാനുള്ള കഴിവാണ് നല്കിയത്. അറബ് വസന്തത്തെ പിന്തുടര്‍ന്ന് മലേഷ്യയും ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്.

? ടൂറിസത്തിനാണ് മലേഷ്യ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. ടൂറിസത്തിലെ ഭാവി എന്താണ്?
= കേരളത്തിലേതു പോലെ മനോഹരമായ കാലാവസ്ഥയാണ് മലേഷ്യയിലും. അവിടെ കാണാന്‍ നിരവധി കാഴ്ചകളുണ്ടെന്ന് മാത്രമല്ല, സമാധാനവുമുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ടൂറിസ്റ്റുകള്‍ മലേഷ്യയിലേക്ക് എത്താറുണ്ട്. ടൂറിസം രംഗത്ത് മികച്ച ഭാവിയാണ് മലേഷ്യയ്ക്കുള്ളത്.? പക്ഷേ, അറബ് വസന്തത്തിന് ശേഷം ഈജിപ്തിലും മറ്റും അന്നഹ്ദയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും പോലുള്ള സംഘങ്ങള്‍ പറഞ്ഞത് ടൂറിസത്തിന് പ്രാധാന്യം നല്കുമെന്നും അത് പൂര്‍ണ്ണമായും ഇസ്‌ലാമികമായിരിക്കില്ലെന്നുമാണ്?
= അവര്‍ പറഞ്ഞതു പോലെ തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. ടൂറിസമാണ് ഞങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ രീതികള്‍ കൂടി നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്.

? അമേരിക്കയും ഇസ്രാഈലും ഇറാനെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്?
= ഭയങ്കരമായ ദുരന്തമാണ് അതുണ്ടാക്കുക. ഇറാനെ ആക്രമിക്കുന്നതിലൂടെ മേഖലയിലെ സമാധാനത്തിനാണ് ഭംഗം വരിക. അമേരിക്കയേയും ഇസ്രാഈലിനേയും ഇറാന്‍ ആണവശക്തിയാകുന്നതില്‍ പ്രകോപിപ്പിക്കുന്നത് അവര്‍ മുസ്‌ലിം രാജ്യമാണെന്നതാണ്. ആണവായുധം ഇറാന്‍ ദുരുപയോഗപ്പെടുത്തുമെന്നാണ് അവരെ എതിര്‍ക്കുന്നവര്‍ പറയുന്നത്. വടക്കന്‍ കൊറിയയ്ക്കും ഇസ്രാഈലിനുമൊക്കെ ആണവായുധങ്ങളുണ്ട്. അവരൊന്നും ദുരുപയോഗം ചെയ്യുകയില്ലേ? എന്തുകൊണ്ട് അവര്‍ക്കെതിരെ തിരിയുന്നില്ല. ഇതൊക്കെ വിദേശനയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

? ഇന്ത്യയെ കുറിച്ച് എന്തുപറയുന്നു?
= രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ഇന്ത്യയില്‍ വന്നിരുന്നു. പൂനെയ്ക്ക് സമീപമാണ് വന്നത്. മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ രാജ്‌മോഹന്‍ ഗാന്ധിയെ കാണാനാണ് എത്തിയത്. വര്‍ഷങ്ങളായി അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഇന്ത്യയിലെ ജനാധിപത്യം മികച്ചതാണ്. സാമ്പത്തികമായും രാജ്യം പുരോഗമിക്കുന്നു. പക്ഷേ, അവിടെ രണ്ട് പ്രശ്‌നങ്ങളുണ്ട്. അഴിമതിയും സാമ്പത്തിക അസമത്വവും.
എന്നാല്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ മുസ്‌ലിംകളുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും  ക്ഷേമം നടപ്പിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ജസ്റ്റിസ് അഹമ്മദിയെ എനിക്കറിയാം. മാത്രമല്ല, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നല്ല വ്യക്തിയാണ്. ഇന്ത്യയിലെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
സച്ചാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയില്‍ നല്ല മാറ്റം വരും. കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു. മുസ്‌ലിംകളുടെ കാഴ്ചപ്പാടിലും വലിയ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

? ഇന്ത്യയേയും കേരളത്തേയും കുറിച്ച് താങ്കള്‍ക്ക് കൂടുതല്‍ അറിയാം.
= അതെ. ഞാന്‍ ഇന്ത്യയിലെ അവസ്ഥകളും രീതികളും എപ്പോഴും കൃത്യമായി നിരീക്ഷിക്കുകയും അത് പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഗാന്ധിയന്‍ തത്വചിന്തയും ധാര്‍മികതയും വളരെ മികച്ചതാണ്. തെരഞ്ഞെടുപ്പിലെ ധാര്‍മികത മോശമാണെന്നും അഭിപ്രായമുണ്ട്. കാരണം അത് ജനങ്ങളെ വഞ്ചിക്കാനുള്ളതാണ്.
പക്ഷേ, മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പണം വലിയ പ്രശ്‌നാണ്. പണം നേടണമെങ്കില്‍ നേരായ രീതിയിലുള്ള ബിസിനസുകളാണ് നടത്തേണ്ടത്. ഞാന്‍ രാഷ്ട്രീയക്കാരനാണ്. അതേപോലെ ബിസിനസുകാരനുമാണ്. അതില്‍ തെറ്റ് കാണുന്നില്ല. എനിക്കാവശ്യമായ പണം ബിസിനസിലൂടെയാണ് കണ്ടെത്തുന്നത്. എന്നാല്‍ രാഷ്ട്രീയം ബിസിനസ് ആക്കുന്നതിനോട് യോജിക്കാനാവില്ല. ഇന്ത്യയിലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികള്‍ അത്തരം രാഷ്ട്രീയ ബിസിനസുകളാണ് കാണിക്കുന്നത്. അത് വളരെ മോശമാണ്. കര്‍ണാടക  അസംബ്ലിയിലെ മൂന്ന് മന്ത്രിമാര്‍ അശ്ലീല വീഡിയോ കണ്ടതിനെ തുടര്‍ന്ന് അവര്‍ക്ക് രാജിവെക്കേണ്ടി വന്നതൊക്കെ വാര്‍ത്തയാണല്ലോ.

? തെരഞ്ഞെടുപ്പിന് ശേഷം താങ്കള്‍ മലേഷ്യന്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അങ്ങനെയാണെങ്കില്‍ എന്തൊക്കെയാണ് ഭാവി പരിപാടികള്‍?
= മലേഷ്യയെ ലോകത്തിനു മുമ്പില്‍ ഏറെ പക്വതയുള്ള രാജ്യമാക്കി മാറ്റാന്‍ ശ്രമം നടത്തും. മുസ്‌ലിം, ഹിന്ദു, കൃസ്ത്യന്‍, ബുദ്ധ മതക്കാര്‍ക്ക് സ്വാഭാവികമായ ജീവിതത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കും. ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് ആദ്യത്തെ ലക്ഷ്യം. സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ദരിദ്രരെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ദരിദ്രര്‍ക്ക് വീട്, വിദ്യാഭ്യാസം, ചികിത്സാസൗകര്യം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കും.

ഫെബ്രുവരി അവസാന വാരത്തില്‍ അന്‍വര്‍ ഇബ്രാഹിം കേരളം സന്ദര്‍ശിക്കാനുള്ള പരിപാടികളുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രിയായാലും കേരളം സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

** അഞ്ച് വര്‍ഷം മുമ്പ് അന്‍വര്‍ ഇബ്രാഹിം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത അഭിമുഖമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ഫയലുകള്‍ പരിശോധിക്കുന്നതിനിടയില്‍ കണ്ടുകിട്ടിയപ്പോള്‍ ബ്ലോഗില്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന തോന്നലുണ്ടായതുകൊണ്ടു മാത്രം അപ്‌ലോഡ് ചെയ്യുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന അവസ്ഥകള്‍ക്കെല്ലാം വലിയ മാറ്റം വന്നിട്ടുണ്ടാകും.


Sunday, October 5, 2014

ഒരു സംവിധായകന്‍ ഇവിടുണ്ട്....


തൃശൂരിലെ മാള അന്നമനടയിലെ കല്ലൂരുകാരന്‍ ഷലീലിന് ചെറുപ്പം മുതല്‍ സിനിമ സ്വപ്നമായിരുന്നു. എല്ലാവരേയും പോലെ, അഭിനേതാവാകാന്‍ മോഹിച്ചുകൊണ്ടുള്ള ബാല്യം. പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ വെള്ളിത്തിരയിലെ വെള്ളിവെളിച്ചമാണ് ഏറ്റവും നല്ലതെന്ന് ഷലീലും കരുതി. 'ഇതള്‍' എന്ന ആല്‍ബം സംവിധാനം ചെയ്ത് അഭിനയിച്ചതായിരുന്നു ആദ്യത്തെ എക്‌സ്പീരിയന്‍സ്! സിനിമ ആഗ്രഹിച്ചു നടക്കുന്ന കാലത്താണ് നാട്ടുകാരന്‍ കൂടിയായ മാള അരവിന്ദനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. മാളയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഒരു നിര്‍ദ്ദേശം മുമ്പോട്ടുവെച്ചത്, ഇങ്ങനെ മുഖാമുഖമിരുന്ന് വെറുതെ സംസാരിച്ചാല്‍ പോരാ. തന്റെ ജീവിതത്തിന്റെ സകല വഴികളിലൂടെയും അത് സഞ്ചരിക്കണമെന്ന്. 14 വര്‍ഷം മുമ്പ്, ഷൂട്ടിംഗിനെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഷലീല്‍ ഒന്നും ആലോചിച്ചില്ല, തയ്യാറെന്ന് പറഞ്ഞു. പിന്നീട് മാസങ്ങളോളം മാളയോടൊപ്പമായിരുന്നു നടത്തം. മാള അരവിന്ദന്‍ തന്റെ ജീവിത കഥ ഷലീലുമായി പങ്കുവെച്ചു. തൃശൂര്‍ വിശ്വനെന്ന സുഹൃത്തിന്റെ സഹായത്തോടെ മാളയുടെ ജീവിതം എഴുതിത്തയ്യാറാക്കിയപ്പോള്‍ എഴുന്നൂറോളം പേജുകളുണ്ടായിരുന്നു അത്. അതിനെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റാക്കി, മികച്ച യൂണിറ്റ് ഉപയോഗിച്ച് ഷൂട്ട് ചെയ്തു. മാളയുടെ ജീവിതകഥ 'മനസാസ്മരാമി' (മനസാല്‍ സ്മരിക്കല്‍) എന്ന പേരില്‍ ഡോക്യുമെന്ററിയാക്കി. ഷലീലിന്റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ വെച്ചായിരുന്നു. മാളയോടൊപ്പം സംസാരിച്ചു നടക്കുന്നതിനിടയിലാണ് നിരവധി സിനിമാക്കാരെ പരിചയപ്പെട്ടത്. അതുവഴി ജീവന്‍ ടി വിയിലേക്കുള്ള രൂപാന്തരം എന്ന സീരിയലില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷലീല്‍ അറിയപ്പെട്ടു തുടങ്ങിയ 'സീനുകളുടെ മാന്ത്രിക പ്രയാണം' എന്ന മാജിക്കല്‍ ജേര്‍ണി ഓഫ് സീന്‍സ് എന്ന എം ജെ എസ് മീഡിയയുടെ പേര് നല്കിയത് അക്കാലത്ത് മാള അരവിന്ദനായിരുന്നു. ഷലീലിന്റേയും മാതാപിതാക്കളുടേയും പേര് ചേര്‍ത്ത് മുഹമ്മദ് ജമീല ഷലീല്‍ എന്നതിന്റെ ചുരുക്കെഴുത്തായാണ് മാള എം ജെ എസ് എന്ന് പേരിട്ടതെങ്കിലും ഷലീല്‍ പിന്നീടതിന് പുതിയ പൂര്‍ണ്ണരൂപം കണ്ടെത്തുകയായിരുന്നു. ദുബൈയിലുള്ള ഉപ്പ ഷലീലിനെ അങ്ങോട്ടേക്ക് കൊണ്ടുപോയതോടെയാണ് ഷലീലിലെ 'സിനിമാ ഭ്രാന്തന്' ശരിക്കുള്ള വളം കിട്ടിത്തുടങ്ങിയത്. ഇന്ത്യന്‍ അസോസിയേഷന്റെ ഓണപ്പരിപാടി ഷൂട്ട് ചെയ്യാന്‍ ലഭിച്ച യാദൃശ്ചികമായ അവസരവും അത് എഡിറ്റ് ചെയ്യാന്‍ ലഭിച്ച സാഹചര്യവും ഷലീലിന് ഗുണമായി. പിന്നീട് ബന്ധു മുഖേന ജീവന്‍ ടി വിക്കുവേണ്ടി 'റിയാലിറ്റി ഓഫ് ദുബൈ എ ടു ഇസെഡ്' എന്ന പരിപാടി തയ്യാറാക്കാന്‍ അവസരം ലഭിച്ചു. അംബീഷന്‍, ബ്യൂട്ടിഫുള്‍ പ്ലേസ്, കരിയര്‍ ഇന്‍ ലൈഫ്, ഡസേര്‍ട്ട്, എഡുക്കേഷന്‍ ആന്റ് എന്റര്‍ടെയ്ന്‍മെന്റ്, ഫ്രന്റ്‌സ് ആന്റ് ഫാമിലി, ജനറല്‍, ഹിസ്റ്റോറിക്കല്‍ പ്ലേസ് തുടങ്ങി എ മുതല്‍ ഇസെഡ് വരെയുള്ള ദുബൈയുടെ വിശേഷങ്ങള്‍ ഷലീല്‍ ക്യാമറയിലേക്ക് പകര്‍ത്തി. 101 എപ്പിസോഡുകള്‍ ചെയ്ത റിയാലിറ്റി ഓഫ് ദുബൈയുടെ ആദ്യത്തെ 54 ഭാഗങ്ങള്‍ ജീവനിലും ബാക്കിയുള്ളവ 'ഗള്‍ഫ് സ്‌ക്രിപ്റ്റ്' എന്ന പേരില്‍ കൈരളിയിലുമാണ് സംപ്രേഷണം ചെയ്തത്. ദുബൈക്കാലത്താണ് എം ജെ എസ് മീഡിയയുടെ ബാനറില്‍ ഒരു പെരുന്നാള്‍ രാവ്, തമ്പ്, മഹാബലി തമ്പുരാന്‍, മേഘങ്ങള്‍, തീരം തുടങ്ങിയ ടെലിഫിലുമുകള്‍ ചെയ്തത്. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ജീവന്‍ ടി വിയില്‍ രണ്ടു വര്‍ഷങ്ങള്‍ 30 ദിവസങ്ങള്‍ നീണ്ടു നിന്ന 'മായാവിയുടെ അത്ഭുതലോകം' എന്ന പരിപാടി അവതരിപ്പിച്ചു. ഇപ്പോഴത്തെ ഹിറ്റ് താരവും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ അന്നത്തെ കൊച്ചു നസ്‌റിയ നസീമും ഇപ്പോഴത്തെ ദേശീയ പുരസ്‌ക്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂടും ചലച്ചിത്ര താരവും ടെലിവിഷന്‍ അവതാരകയുമായ ശില്‍പ ബാലയുമൊക്കെയായിരുന്നു മായാവിയുടെ അത്ഭുതലോകത്തിന്റെ അവതാരകരായി രംഗത്തു വന്നത്. മായാവിയുടെ അത്ഭുതലോകം ജീവനുവേണ്ടി ചെയ്യുമ്പോള്‍ തന്നെ കൈരളിക്കും ഏഷ്യാനെറ്റിനും അമൃതയ്ക്കുമൊക്കെ വേണ്ടി എം ജെ എസ് മീഡിയ പരിപാടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടായിരുന്നു. മുഷ്ത്താഖ് കരിയാടനായിരുന്നു ഷലീലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചത്. എം ജെ എസ് മീഡിയയുടെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി ദുബൈ ഹയാത്ത് റീജന്‍സിയില്‍ നടത്തിയ പരിപാടിയില്‍ ഏഴ് പ്രമുഖരെ ആദരിച്ചുകൊണ്ടാണ് തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയത്. യു എ ഇ എക്‌സ്‌ചേഞ്ചിന്റെ യു ആര്‍ ഷെട്ടി, ഹനീഫ് ബെയ്ത്തന്‍സ്, ബഷീര്‍ പടിയത്ത്, റബീഉല്ല, സൈമണ്‍ വര്‍ഗ്ഗീസ് പറക്കാട്ട്, മൂസ ഹാജി, ജോബി ജോര്‍ജ്ജ് തുടങ്ങിയ പ്രമുഖരാണ് അന്ന് ആദരിക്കപ്പെട്ടത്. അന്നാണ് എം ജെ എസ് മീഡിയ മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചത്. പുതിയ ചലച്ചിത്ര ബാനറായ എം ജെ എസ് മീഡിയയുടെ പേരില്‍ ആദ്യ ചലച്ചിത്രം 'ഡോള്‍സ്' പുതുമുഖമായ ഷലീല്‍ കല്ലൂര്‍ സംവിധാനം നിര്‍വഹിച്ചപ്പോള്‍ പുതുമുഖ താരങ്ങളായിരുന്നു വേഷമിട്ടത്. കേരളത്തിലെ 22 തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തു. ക്യാമറയ്ക്ക് പിറകില്‍ നിന്ന് 'സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍' എന്ന പറച്ചില്‍ മാത്രമായിരുന്നില്ല ഷലീലിന്റേത്. സിനിമയുടെ ആദ്യാവസാനം ഷലീലുണ്ടായിരുന്നു, ആദ്യത്തെ ചിന്ത മുതല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിലും പോസ്റ്ററൊട്ടിക്കുന്നതിലും വരെ ഷലീല്‍ സ്വന്തം ടച്ച് തന്റെ ചലച്ചിത്രത്തില്‍ കൊണ്ടുവന്നു. ലാന്റ് സ്‌കേപ്പ് ഡിസൈനറായ ഷലീല്‍ കല്ലൂര്‍ ആദ്യ സിനിമയ്ക്കു വേണ്ടി ദുബൈയിലെ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സിനിമ റിലീസ് ചെയ്ത ശേഷം പിന്നീടദ്ദേഹം ഖത്തറിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രൊജക്ടില്‍ ലാന്റ് സ്‌കേപ്പ് ഡിസൈനറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഷലീല്‍ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലറായ രണ്ടാം സിനിമ ഉടനെ അദ്ദേഹം പ്രഖ്യാപിക്കും. രണ്ടാം ചിത്രത്തിന്റെ എഴുത്തുപണികളും ഗാന റെക്കോര്‍ഡിംഗും പൂര്‍ത്തിയാക്കി. ദുബൈയിലും ഖത്തറിലും കേരളത്തിലുമായി പ്രഖ്യാപനം നടത്താനാണ് ഷലീലിന്റെ പദ്ധതി. പ്രമുഖ താരങ്ങളും മികച്ച ഗായകരും അണിനിരക്കുന്ന ചിത്രത്തിലെ സാങ്കേതിക വിദഗ്ധരും അണിയറ പ്രവര്‍ത്തകരും മുന്‍നിരയിലുള്ളവരാണ്. ഷലീല്‍ കല്ലൂര്‍ മാനേജിംഗ് ഡയറക്ടറും എ കെ മുഹമ്മദ് ചെയര്‍മാനും മുഷ്ത്താഖ് കരിയാടന്‍ ഇവന്റ് ഡയറക്ടറുമായി എം ജെ എസ് മീഡിയയുടെ വെബ്‌സൈറ്റും ലോഞ്ച് ചെയ്യാനുള്ള പദ്ധതി പുരോഗമിക്കുന്നുണ്ട്. വോളിബാളിലെ സംസ്ഥാന താരവും ഗുസ്തിയില്‍ തൃശൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനവുമൊക്കെ നേടിയിട്ടുള്ള ഷലീല്‍ നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. കഴിവുകളുടെ കൂടാരമാണ് മനുഷ്യനെന്നും അതുകണ്ടെത്തുകയാണ് വേണ്ടതെന്നുമാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. ദുബൈ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദിന്റേയും ജമീലയുടേയും മകനാണ് ഷലീല്‍. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ എന്‍ജിനിയറായ ഷമീലയാണ് ഭാര്യ. ആലിം സിയാന്‍, അഫ്രീന്‍ സൈറ എന്നിവരാണ് മക്കള്‍. <> (വര്‍ത്തമാനം വീക്കന്റ് സ്‌പെഷ്യല്‍ എഡിഷന്‍ 04-09-2014)

Monday, June 2, 2014

ചൂരിദാറുകള്‍ കഥ പറയുന്നുനാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്കും അലീഗഢിലേക്കും ദല്‍ഹിയിലേക്കുമൊക്കെ യാത്ര നടത്തിയത്. താജ്മഹലും അലീഗഢ് മുസ്‌ലിം സര്‍വ്വകലാശയും ചെങ്കോട്ടയും ചാന്ദ്‌നിചൗക്കും പാര്‍ലമെന്റ് മന്ദിരവും പോലെ പെട്ടെന്ന് ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ആ യാത്രയില്‍. ഉത്തരേന്ത്യയിലെ വനിതകളുടെ വേഷമായിരുന്നു അന്ന് പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം.
കേരളത്തില്‍ ചൂരിദാറിനെ കുറിച്ച് അറിയുന്നതിനും എത്രയോ മുമ്പുതന്നെ (ഒരുപക്ഷെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ) ഉത്തരേന്ത്യയില്‍ ചൂരീദാറും അതിന്റെ മറ്റൊരു രൂപമായ സല്‍വാറും കമ്മീസുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നു. മുഗളന്മാരില്‍ നിന്നും പത്താന്‍കാരില്‍നിന്നുമൊക്കെയാണ് ഉത്തരേന്ത്യയില്‍ സല്‍വാറും കമ്മീസും വ്യാപിച്ചിട്ടുണ്ടാവുക. അവരായിരുന്നല്ലോ നൂറ്റാണ്ടുകളോളം ദല്‍ഹി സുല്‍ത്താനേറ്റിന്റെ അധിപന്മാര്‍.
കേരളീയ വേഷമെന്ന് പറയുന്ന സാരിയേക്കാളും എന്തുകൊണ്ടും മികച്ചതാണ് ചൂരിദാറെന്ന് അഭിപ്രായപ്പെടുന്നവര്‍ തീര്‍ച്ചയായും പുരുഷന്മാരല്ല; സ്ത്രീകള്‍ തന്നെയാണ്. എടുത്തണിയാന്‍ മാത്രമല്ല, ഉപയോഗിക്കാനും യാത്രയ്ക്കും ജോലിക്കും എന്നുവേണ്ട, എല്ലാ കാര്യങ്ങള്‍ക്കും സാരിയേക്കാള്‍ എളുപ്പമാണ് ചൂരിദാര്‍. സാരിയുടെ 'ശരീരം കാണല്‍' ബുദ്ധിമുട്ടും ചൂരീദാറിനില്ല. ഇതുകൊണ്ടൊക്കെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചൂരീദാര്‍ ഏറെ ഇഷ്ടപ്പെട്ട വേഷമായി. സാരിയെപ്പോലെ വന്‍വിലയില്ല എന്നതും ചൂരീദാറിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാകും.
വേഷം ജനകീയമായതോടെ മാറി മാറി വരുന്ന ഫാഷനുകള്‍ എളുപ്പത്തില്‍ പരീക്ഷണം നടന്നതും ചൂരീദാറില്‍ തന്നെയായിരുന്നു. ഇറക്കം കൂട്ടിയും ഇറക്കം കുറച്ചും ടോപ്പിന്റെ ഇരുവശങ്ങളിലേയും സ്ലിറ്റുകളുടെ നീളത്തില്‍ വ്യത്യാസം വരുത്തിയും ടോപ്പിലും ബോട്ടത്തിലും ഡിസൈനുകളിലും രീതികളിലും എന്തൊക്കെ അവതരിപ്പിക്കാമോ അതെല്ലാം ചെയ്തും ഫാഷനുകളില്‍ നിന്നും ഫാഷനുകളിലേക്ക് യാത്ര ചെയ്തു ഈ വസ്ത്രം.
ആഗ്രയിലേക്ക് തിരിച്ചെത്താം. അക്കാലത്ത് അവിടെ കണ്ട സ്ത്രീകളില്‍ ഭൂരിപക്ഷവും (അതില്‍ പ്രായഭേദമുണ്ടായിരുന്നില്ല) ചൂരിദാര്‍ ധാരികളായിരുന്നു. അവര്‍ അണിഞ്ഞിരുന്ന വേഷത്തിന് ഉപയോഗിച്ച തുണിയാകട്ടെ ഏറെ നേരിയതുമായിരുന്നു. ശരീരം മറക്കാനുള്ളതാണ് വസ്ത്രം എന്ന സങ്കല്‍പ്പം അവിടെ തെറ്റിയതായി തോന്നി. അപ്പോഴും മനസ്സില്‍ തോന്നിയ ഒരു കാര്യമുണ്ടായിരുന്നു. കേരളത്തില്‍ ഇതേ തരത്തിലുള്ള തുണിയും ചൂരീദാറും എത്തില്ല. മലയാളി പെണ്‍കുട്ടികള്‍ ഇങ്ങനെ വേഷം ധരിക്കാന്‍ ഇഷ്ടപ്പെടില്ല. അതുകൊണ്ട് കേരളം ഇതിന്റെ കമ്പോളമാകില്ല.
ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ ഏറെ കഴിയേണ്ടി വന്നില്ല. അന്ന് ആഗ്രയിലും അലീഗഢിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കണ്ട അതേ വേഷങ്ങള്‍ കേരളത്തിലുമെത്തി. കാറ്റിനേക്കാള്‍ വേഗത്തിലാണ് ഫാഷന്‍ പാറിപ്പറക്കുന്നത്!
നേരിയ തുണി (ചില തുണികള്‍ക്ക് ലൈനിംഗ് വെച്ചാല്‍ പോലും നേര്‍മയുടെ അംശത്തിന് മാറ്റമുണ്ടാകില്ല), ടോപ്പും ബോട്ടവും എത്രയൊക്കെ പ്രദര്‍ശനപരമാക്കാമോ അത്രയും മനോഹരമാക്കുക തുടങ്ങി അന്നത്തെ ഉത്തരേന്ത്യ ഇപ്പോള്‍ കേരളത്തിലേക്ക് മാറിയതുപോലുണ്ട്. ആകെയുള്ള ഒരു വ്യത്യാസം ഇവിടെ എല്ലാ പ്രായക്കാരും ഈ വേഷം അണിഞ്ഞു തുടങ്ങിയിട്ടില്ല എന്നതുമാത്രം.

ചൂരിദാര്‍ കടന്നു വരുന്ന വഴികള്‍
ഇന്ത്യയില്‍ ചൂരിദാര്‍ തുണികള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഗുജറാത്തിലാണ്. ഗുജറാത്തിലെ സൂറത്താണ് തുണി ഉത്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ പെണ്‍കുട്ടികള്‍ അണിയുന്ന വേഷം ഏതുവിധത്തിലുള്ളതായിരിക്കണമെന്ന് തീരുമാനിക്കുന്നത് സൂറത്തിലാണെന്ന് സാരം. എങ്കില്‍ മലയാളിപ്പെണ്‍കുട്ടികളേ, നിങ്ങളുടെ ചൂരിദാറിനെ കുറിച്ച് ഏതാനും വിവരങ്ങള്‍ അറിയുക!
ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന ചൂരിദാര്‍ മെറ്റീരിയലുകളുടെ ലക്ഷക്കണക്കിന് മീറ്റര്‍ തുണികള്‍ നേരെയെത്തുന്നത് മുംബൈയിലേയും അഹമ്മദാബാദിലേയും മൊത്തവിതരണക്കാരുടെ ഗോഡൗണുകളിലേക്കാണ്. കോടക്കണക്കിന് മീറ്റര്‍ തുണി ഉത്പാദിപ്പിച്ച് കമ്പനി ഗോഡൗണിലും മൊത്തവിതരണക്കാരുടെ ഗോഡൗണുകളിലും സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. ഇവയാണ് കേരളത്തിലേത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഹോള്‍സെയില്‍ വ്യപാരികള്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും വാങ്ങുന്നത്.
കേരളത്തിലെ മൊത്ത വിതരണക്കാരന്റെ കടയിലെത്തുന്ന മെറ്റീരിയല്‍ പിന്നീട് സാധാരണ തുണിക്കടക്കാര്‍ വാങ്ങുന്നു. ഇവരില്‍ നിന്നാണ് നമ്മള്‍ ഓരോരുത്തരും നമ്മുടെ ഇഷ്ടത്തിനും അഭിരുചിക്കും പേഴ്‌സിനും അനുയോജ്യമായ തുണി തെരഞ്ഞെടുക്കുന്നത്. അവ പിന്നീട് തയ്യല്‍ക്കാരന്റെ/ തയ്യല്‍ക്കാരിയടെ കൈകളിലൂടെ ചൂരീദാറിന്റെ രൂപംപൂണ്ട് കേരളീയ വനിതകളുടെ ദേഹത്തെത്തുന്നു.

വിപണിയിലെത്തുന്ന മെറ്റീരിയലുകള്‍
കോടിക്കണക്കിന് മീറ്ററുകളാണ് പുതിയ മെറ്റീരിയലിന്റെ ഉത്പാദനം നടക്കുക. ആദ്യഘട്ടത്തില്‍ ഗുണമേന്മയുള്ള നൂലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ചാണ് മെറ്റീരിയല്‍ നിര്‍മ്മിക്കുക. ഇതിന് വിപണിയില്‍ നിന്നും ഉത്പാദകര്‍ ഈടാക്കുന്ന വില ഉത്പാദന ചെലവിന്റെ മൂന്നോ നാലോ ഇരട്ടിയാണ്. വിപണിയില്‍ ആയിരത്തോളം രൂപയ്ക്ക് ലഭിക്കുന്ന ചൂരിദാര്‍ മെറ്റീരിയലിന് നൂറോ ഇരുന്നൂറോ രൂപയായിരിക്കും ഉത്പാദന ചെലവ്. ഏതെങ്കിലും ഒരു കമ്പനി പുറത്തിറക്കി വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടാകുന്ന ചൂരിദാര്‍ തരങ്ങള്‍ മറ്റു കമ്പനികളും ഇറക്കാന്‍ തുടങ്ങുന്നതോടെ മത്സരം മുറുകുകയായി. അതോടെ വില കുറക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകും. ഉത്പന്നത്തിന്റെ വില കുറയുന്നതോടെ ഗുണമേന്മയിലും മാറ്റമുണ്ടാക്കാനാണ് കമ്പനികള്‍ ശ്രമിക്കുക. അതോടെ ഗുണമേന്മയുള്ള കോട്ടണ്‍ നൂലിന് പകരം കൂടുതല്‍ പോളിസ്റ്റര്‍ ഉപയോഗിച്ചായിരിക്കും ഉത്പാദനം നടത്തുക. അതോടെ ഉത്പാദന ചെലവ് കുറയുന്നു; അതിന് അനുസരിച്ച് വില്‍പ്പന വിലയിലും വന്‍ കുറവുണ്ടാകുന്നു.
ഉത്പാദനം കൂടുതലാവുമ്പോള്‍ ആദ്യം ഉത്പാദിപ്പിച്ചവ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകുന്നതും മറ്റൊരു അവസ്ഥയാണ്. ആദ്യത്തെ ഉത്പന്നങ്ങള്‍ക്ക് ലാഭത്തിന്റേയും മൂന്നോ നാലോ ഇരട്ടി അധികം തുക ലഭിച്ചതിനാല്‍ പിന്നീട് വില്‍ക്കുന്നവയ്ക്ക് ഉത്പാദന ചെലവിലും കുറഞ്ഞാലും അവരെ ബാധിക്കുകയില്ല. അങ്ങനെയും വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് തുണി എത്താററുണ്ട്.
ഗുജറാത്ത് മേളകളാണ് വില കുറഞ്ഞ ചൂരിദാറുകളുടെ പ്രധാന വിപണന കേന്ദ്രങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലെത്തുന്ന വ്യാപാരികള്‍ സംസ്ഥാനത്തെ ഓരോ നഗരത്തലും കടകള്‍ വാടകയ്‌ക്കെടുത്ത് മാസങ്ങളോളം തമ്പടിച്ചാണ് ചൂരിദാറുകളും ഉത്തരേന്ത്യന്‍ സാരികളും വില്‍പന നടത്തുന്നത്. കുറഞ്ഞ വിലയില്‍ ചൂരിദാര്‍ മെറ്റീരിയല്‍ ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത. നൂറു രൂപയ്ക്കും ഇരുന്നൂറു രൂപയ്ക്കും ലഭിക്കുന്ന ചൂരിദാര്‍ മെറ്റീരിയലുകള്‍ വിദ്യാര്‍ഥിനികളുടേയും ജോലിക്ക് പോകുന്ന യുവതികളുടേയും ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത്തരം ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഇഷ്ടപ്പെടുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്.
പ്ലസ് ടുവിന് ശേഷം കേരളത്തിലെ പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ഒന്നുകില്‍ പഠനത്തിനോ അല്ലെങ്കിലും ജോലിക്കോ പോകുന്നവരായിരിക്കും. ഇവര്‍ തന്നെയാണ് ചൂരിദാര്‍ മെറ്റീരിയലുകളുടെ പ്രധാന ഉപഭോക്താക്കളും. കോളെജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണെങ്കില്‍ കുറഞ്ഞ വിലയില്‍ തരാതരം വസ്ത്രം ലഭിക്കുന്നതിനാല്‍ കൂടുതല്‍ വേഷങ്ങള്‍ക്ക് ഗുജറാത്തിമേളകളെ ആശ്രയിക്കും. ജോലിക്ക് പോകുന്ന പെണ്‍കുട്ടികളോ യുവതികളോ ആണെങ്കില്‍ തുച്ഛമായ തുകയാണെങ്കിലും ശമ്പളം കിട്ടുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് ഒരു ചൂരീദാര്‍ എടുക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് കൊയ്ത്താണ് കേരളീയ നഗരങ്ങള്‍.
ആദ്യഘട്ടത്തില്‍ തന്നെ മുഴുവന്‍ ഉത്പാദനത്തിന്റേയും ഉത്പാദന ചെലവും ലാഭവും ലഭിക്കുന്നതിനാല്‍ ഉത്പാദകര്‍ക്ക് പിന്നീട് എത്ര വില കുറച്ച് വിറ്റഴിച്ചാലും നഷ്ടം സംഭവിക്കുന്നേയില്ല. മാത്രമല്ല, ഗുണമേന്മ കുറഞ്ഞ തുണി ലക്ഷക്കണക്കിന് മീറ്ററുകള്‍ ഒന്നിച്ച് വില്‍ക്കാനാവുമ്പോള്‍ അവര്‍ക്ക് പിന്നീട് ഒന്നും നോക്കാനില്ല. കമ്പനികളില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ ഏറ്റെടുക്കാനെത്തുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ അവ വിറ്റഴിക്കുന്നു.

Sunday, December 11, 2011

ബോംബ് രാഷ്ട്രീയത്തിന്റെ ഇര ഈ തെരുവിലുണ്ട്


തലശ്ശേരിയിലെ ബോംബ് രാഷ്ട്രീയം മറന്നുതുടങ്ങിയ ഒരു പേരുണ്ട് സൂര്യകാന്തി. അച്ഛന്‍ ഗോവിന്ദനോടും അമ്മ മാധവിയോടുമൊപ്പം പഴയ സാധനങ്ങള്‍ പെറുക്കി നടന്ന ബാലിക കേരളത്തിലെ സ്റ്റീല്‍ ബോംബിന്റെ ജീവിക്കുന്ന ആദ്യ രക്തസാക്ഷിയാണ്. ഇപ്പോള്‍ സൂര്യക്ക് 24 കഴിഞ്ഞു. പത്താം വയസ്സിലാണ് അവള്‍ ബോംബ് രാഷ്ട്രീത്തിന്റെ ഇരയായത്. ആ കഥ ഇങ്ങനെയാണ്:
സംഭവം നടന്ന 1997ലെ തിയ്യതിയും ദിവസമൊന്നും സൂര്യകാന്തി ഓര്‍ക്കുന്നില്ല. അവളുടെ മറ്റെല്ലാ ദിവസങ്ങളും പോലെ ഒരു ദിവസമായിരുന്നു അതും. വിഷു കഴിഞ്ഞ നാളുകളിലൊന്നായിരുന്നു അതെന്ന് അവ്യക്തമായൊരു ഓര്‍മയുണ്ട്. ശബരിമലയില്‍ പോയി വന്ന് രണ്ട് ദിവസംകഴിഞ്ഞുവെന്നും ഓര്‍മയുടെ അടരുകളിലുണ്ട്.
അന്ന് കതിരൂരിലായിരുന്നു താമസം. അമ്മയോടും അച്ഛനോടുമൊപ്പമാണ് അന്നും പതിവുപോലെ സൂര്യ പോയത്. അച്ഛന്‍ അമ്മി കൊത്തുമ്പോള്‍ അമ്മ സഹായിക്കും. അല്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് പഴയ സാധനങ്ങള്‍ പെറുക്കി തലശ്ശേരിയില്‍ എത്തിച്ച് വില്‍ക്കും. മലയാളിയായ അച്ഛനും കര്‍ണാടകക്കാരിയായ അമ്മയ്ക്കും പിറന്ന മൂന്ന് പെണ്‍മക്കളില്‍ ഇളയവളായിരുന്നു സൂര്യകാന്തി. ചേച്ചിമാരായ റാണിയെയും നാഗമ്മയെയും കല്ല്യാണം കഴിച്ചു കൊടുത്തിരുന്നു.
കമ്പിപ്പാലത്തു നിന്ന് മേലേ ചമ്പാട്ടേക്ക് പോകുന്ന വഴി. വഴിയിലുള്ള സാധനങ്ങള്‍ പെറുക്കിയും സഞ്ചിയിലിട്ടും പോവുകയായിരുന്നു മൂന്നുപേരും. ഗോവിന്ദന്റെ കൈയില്‍ അമ്മി കൊത്താനുള്ള മുട്ടിയും ആയുധങ്ങളുമുണ്ട്. പോകുന്ന വഴിയിലാണ് പാര്‍ട്ടി ഓഫിസ്. (ഏതു പാര്‍ട്ടിയുടെ ഓഫിസായിരുന്നു അത്? ബി ജെ പി ഓഫിസാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു സൂര്യകാന്തിയുടെ ആദ്യത്തെ ഉത്തരം. കുറച്ചു സമയത്തിന് ശേഷം പാര്‍ട്ടി ഓഫിസ് സി പി എമ്മിന്റേതാണോ എന്ന് ചോദിച്ചപ്പോള്‍ അതിനും അതെ എന്ന് ഉത്തരം. ഒടുവില്‍ ചെറിയൊരു സൂചന നല്കി സൂര്യകാന്തി. ചുറ്റികയുടെ ചിത്രമുള്ള കൊടിയുള്ള ഓഫിസ്!)
പാര്‍ട്ടി ഓഫിസിലേക്ക് കയറിപ്പോകുന്ന ഏണിപ്പടികള്‍ക്ക് താഴെ സിമന്റും പൂഴിയുമൊക്കെ കൂട്ടിയിട്ട ചെറിയൊരു സ്ഥലമുണ്ട്. അവിടെ എന്തെങ്കിലും പഴയ സാധനങ്ങള്‍ കിട്ടുമോ എന്നായിരുന്നു സൂര്യകാന്തിയുടെ അന്വേഷണം. പ്രദേശത്തൊന്നും ആരുമില്ലാതിരുന്നതിനാല്‍ പതുക്കെ ഏണിപ്പടികള്‍ക്ക് താഴെ പോയി നോക്കി. അവിടെ 12 ചെറിയ സ്റ്റീല്‍ മൊന്തകളുണ്ടായിരുന്നു. കാണാന്‍ നല്ല ഭംഗിയുള്ള മൊന്തകള്‍. സൂര്യകാന്തിക്ക് അവ കാഴ്ചയില്‍ തന്നെ ഇഷ്ടമായി.
മൊന്തകളില്‍ ഒന്നെടുത്ത് തുറക്കാന്‍ നോക്കി. അതിന്റെ അടപ്പിന് മൂന്ന് വരകളുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും മൊന്ത തുറക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അവള്‍ അച്ഛനെ സമീപിച്ചത്. മൊന്ത തുറന്നുകൊടുക്കാന്‍ ഒന്‍പതു വയസ്സുകാരി അച്ഛനോട് പറഞ്ഞു.
ഗോവിന്ദനും കുറേ ശ്രമിച്ചുനോക്കി. മൊന്ത തുറക്കാന്‍ കഴിഞ്ഞില്ല. അതിനകത്ത് നിധിയാണെന്നായിരുന്നു സൂര്യകാന്തിയുടെ വിചാരം. ചിലപ്പോള്‍ നിധിയായിരിക്കുമെന്ന് അച്ഛനും പറഞ്ഞു. പക്ഷേ തുറക്കാന്‍ കഴിയാത്ത മൊന്ത ഉപേക്ഷിച്ച് കൂടെ വരാനായിരുന്നു അച്ഛന്‍ സൂര്യകാന്തിയോട് പറഞ്ഞത്.
ഗോവിന്ദനും മാധവിയും സ്ഥലത്തു നിന്നും തിരികെ നടക്കാന്‍ തുടങ്ങിയിരുന്നു. ഏണിപ്പടികള്‍ക്ക് താഴെ മൊന്ത തിരികെവെച്ച് പോകാന്‍ എന്തുകൊണ്ടോ സൂര്യകാന്തിയുടെ മനസ്സ് അനുവദിച്ചില്ല. അവളുടെ സൂക്ഷ്മ പരിശോധനയില്‍ ഒരു കാര്യം കൂടി കണ്ടെത്തി. മൊന്ത ഈയംകൊണ്ടോ മറ്റോ ഭദ്രമായി അടച്ചിട്ടുണ്ട്. അത് തുറക്കാനാവില്ലെന്ന് അവള്‍ക്ക് മനസ്സിലായി.
പിന്നെ ഒറ്റയോട്ടമായിരുന്നു. അച്ഛന്റെ കൈയിലുണ്ടായിരുന്ന മുട്ടി പിടിച്ചു വാങ്ങി അടുത്തു കണ്ട തെങ്ങില്‍ ഇടത്തേകൈകൊണ്ട് മൊന്ത അമര്‍ത്തിപ്പിടിച്ച് വലതുകൈയിലുള്ള മുട്ടികൊണ്ട് ഒരടി കൊടുത്തു. ആ അടിയാണ് സൂര്യകാന്തിയുടെ ജീവിതത്തിനുമേല്‍ ചെന്നു പതിച്ചത്.
വല്ലാത്തൊരു ശബ്ദവും വെളിച്ചവും അറിഞ്ഞു എന്നല്ലാതെ അതേക്കുറിച്ച് മറ്റൊന്നും സൂര്യകാന്തിക്ക് ഓര്‍മയില്ല. സമീപത്തെ മൂന്ന് തെങ്ങുകള്‍ക്ക് സ്റ്റീല്‍ ബോംബിന്റെ ചീളുകള്‍ തെറിച്ച് കേടുപാടുകളുണ്ടായി. സൂര്യകാന്തിയുടെ അച്ഛന്‍ ഗോവിന്ദന്റെ പുറത്തും ബോംബിന്റെ ചീളുകള്‍ മുറിവുകളുണ്ടാക്കി.
സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. തമിഴ് നാടോടികള്‍ ബോംബ് സ്‌ഫോടനം നടത്തിയെന്നായിരുന്നു ആദ്യം നാട്ടുകാര്‍ വിചാരിച്ചത്. അതുകൊണ്ടുതന്നെ ബോധരഹിതയായി കിടന്ന സൂര്യകാന്തിയെ ആരും സമീപിക്കാന്‍ തയ്യാറായില്ല. അലമുറയിടുന്ന ഗോവിന്ദനേയും മാധവിയേയും നാട്ടുകാര്‍ പിടിച്ചുവെച്ചു. സമീപ പ്രദേശത്തുകൂടെ റോന്ത് ചുറ്റുകയായിരുന്ന പൊലീസ് എത്തിയാണ് സൂര്യകാന്തിയേയും ഗോവിന്ദനേയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴും സൂര്യകാന്തിക്ക് പരുക്കേറ്റു എന്നല്ലാതെ ഗോവിന്ദന് പരുക്കേറ്റത് ആരും അറിഞ്ഞിരുന്നില്ല. നാട്ടുകാര്‍ മാധവിയെ പോകാന്‍ അനുവദിച്ചില്ല. മാധവിയെ സംഭവസ്ഥലത്തു തന്നെ പിടിച്ചു വെച്ചു.
സ്‌ഫോടനത്തില്‍ സൂര്യകാന്തിയുടെ ഇടതു കൈയും ഇടതു കണ്ണും ചിതറിത്തെറിച്ചു പോയിരുന്നു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് അയച്ചു. മാധവിയെ തലശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്കെത്തിച്ചു. മെഡിക്കല്‍ കോളെജിലേക്കുള്ള വഴിയില്‍ തീവണ്ടി കടന്നു പോകാന്‍ ഗേറ്റ് അടച്ചപ്പോഴാണ് സൂര്യകാന്തിയുടെ വയര്‍ വീര്‍ത്തത്. കുടല്‍ മാല പുറത്തായി. അപ്പോഴാണ് മകളുടെ വയറിനും മാരകമായി മുറിവേറ്റ വിവരം ഗോവിന്ദന്‍ അറിഞ്ഞത്.
കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അഞ്ച് മാസമാണ് സൂര്യകാന്തി ചികിത്സയില്‍ കഴിഞ്ഞത്. മൂന്ന് ദിവസം പൊലീസ് കാവലുണ്ടായിരുന്നു. ചിതറിപ്പോയതിനാല്‍ കൈകൂട്ടിയോജിപ്പിക്കാനായില്ല. ശസ്ത്രക്രിയകള്‍ നിരവധി നടത്തി. അച്ഛനും മെഡിക്കല്‍ കോളെജില്‍ തന്നെ ചികിത്സ നടത്തി.
ചികിത്സയ്ക്ക് ശേഷം തലശ്ശേരിയിലേക്ക് മടങ്ങാനായി കോഴിക്കോട് ബസ് സ്റ്റാന്റില്‍ നില്‍ക്കുന്ന സമയത്ത് കൈയിലുണ്ടായിരുന്ന ബാഗ് ആരോ മോഷ്ടിച്ചു. ചികിത്സാ വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളും അതിനകത്തായിരുന്നു. പിന്നീടൊരിക്കലും അവയൊന്നും സൂര്യകാന്തിക്ക് തിരികെ കിട്ടിയില്ല.
കതിരൂരില്‍ മടങ്ങി എത്തിയപ്പോള്‍ പിന്നീട് പാര്‍ട്ടിക്കാരുടെ ഭീഷണിയായി. ഇനി ഇവിടെ നില്‍ക്കാന്‍ പാടില്ലെന്ന ഭീഷണിക്കു മുമ്പില്‍ പേടിച്ച് ഗോവിന്ദനും കുടുംബവും താമസം മാറി. പിന്നീട് കുറേക്കാലം കൂത്തുപറമ്പ് സ്‌റ്റേഡിയത്തിലായിരുന്നു താമസം. പിന്നീട് മഞ്ചേരിക്ക് സമീപത്തെ പ്രദേശത്ത് സഹോദരിയുടെ കൂടെയായി സൂര്യകാന്തിയുടെ താമസം.
ചേച്ചിയോടൊപ്പം കുറച്ചു കാലം താമസിച്ച ശേഷം വീണ്ടും അച്ഛനമ്മമാരോടൊപ്പം സൂര്യകാന്തി മടങ്ങിയെത്തി. അക്കാലത്ത് ഇരിട്ടിയിലായിരുന്നു ഇവരുടെ താമസം. ഇരിട്ടി ജീവിതകാലത്താണ് സൂര്യകാന്തിയും നാഗരാജയും തമ്മില്‍ കണ്ടുമുട്ടിയത്. സൂര്യകാന്തിയെ കെട്ടിച്ചുതരുമോയെന്ന നാഗരാജയുടെ അഭ്യര്‍ഥന ഗോവിന്ദന്‍ തള്ളിക്കളഞ്ഞു. അതോടെ രണ്ടുപേരും കൂടി ഇരിട്ടി പുഴക്കരയിലെ ശിവന്റെ അമ്പലത്തില്‍ പോയി താലികെട്ടി കൂത്തുപറമ്പിലേക്ക് നാടുവിട്ടു.
കുറേ മാസങ്ങള്‍ക്കു ശേഷം അമ്മയും ചേച്ചിയും കൂടി ആഭരണം പണയം വെക്കാനായി കൂത്തുപറമ്പിലേക്ക് ബസ്സില്‍ പോകുമ്പോഴാണ് സൂര്യകാന്തിയും നാഗരാജയും റോഡരികില്‍ താമസിക്കുന്നതായി കണ്ടെത്തിയത്. മകളെ കണ്ടെത്തിയ അമ്മ കരഞ്ഞു ബഹളം വെച്ചു. അപ്പോള്‍ സൂര്യകാന്തി മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. മകളേയും ഭര്‍ത്താവിനേയും അമ്മ ഇരിട്ടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇപ്പോള്‍ എല്ലാവരും ഒന്നിച്ചാണ് താമസിക്കുന്നത്. അമ്മ മാധവി രണ്ടുമാസം മുമ്പ് മരിച്ചു പോയി.
സൂര്യകാന്തിക്ക് ഇപ്പോള്‍ രണ്ട് മക്കളുണ്ട് ഗായത്രിയും സൂര്യകൃഷ്ണയും. മൂത്ത മകള്‍ ഗായത്രി നാലാം ക്ലാസിലാണ് പഠിക്കുന്നത്. പണ്ട്, സ്റ്റീല്‍ ബോംബ് സ്‌ഫോടനത്തില്‍ പരുക്കേല്‍ക്കുമ്പോള്‍ സൂര്യകാന്തിക്ക് ഇപ്പോഴത്തെ ഗായത്രിയുടെ പ്രായമായിരുന്നു. ആലുവ ജനസേവ ശിശുഭവനില്‍ പഠിക്കുകയായിരുന്ന ഗായത്രിയെ അമ്മയുടെ മരണത്തോടെയാണ് തലശ്ശേരിയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. സ്‌കൂളില്‍ പോയും പോകാതെയും അവളിപ്പോള്‍ തലശ്ശേരിയിലുണ്ട്. ഇടക്കെപ്പോഴോ കണ്ണൂരിലെ ഒരു സ്‌കൂളില്‍ ചേര്‍ന്നിരുന്നെങ്കിലും പോകാനായില്ല.
തന്റെ ഇടത്തേ കണ്ണില്‍ ഇപ്പോഴും ബോംബിന്റെ ചീളുകളിലൊന്ന് ബാക്കി കിടക്കുന്നുണ്ടെന്നാണ് സൂര്യകാന്തി പറയുന്നത്. ആ കഷ്ണം എടുക്കാന്‍ കഴിയില്ലെന്നാണത്രെ ഡോക്ടര്‍മാര്‍ പറഞ്ഞത്. അതെടുത്തു കളഞ്ഞാല്‍ മരിച്ചുപോകുമത്രെ!
പലപ്പോഴും കഠിനമായ തലവേദന വരാറുണ്ടെന്ന് സൂര്യകാന്തി. രണ്ട് ദിവസം പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിച്ചാല്‍ മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരിക്കും. എങ്കിലും ജീവിക്കാന്‍ കുപ്പിയും പാട്ടയും പഴയ സാധനങ്ങളും പെറുക്കി വില്‍ക്കുന്നു. നാഗരാജ ചെരുപ്പു കുത്തിയാണെങ്കിലും അയാളും പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കാറാണ് പതിവ്. സൂര്യകാന്തിയുടെ അസുഖംകൊണ്ട് പതിവായി ജോലിക്ക് പോകാനാവുന്നില്ലെന്ന് നാഗരാജ. അമ്മ മരിച്ചതോടെ സൂര്യകാന്തിക്ക് കൂട്ടായാണ് ഗായത്രിയെ പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിച്ചത്. അടുത്തുള്ള ഏതെങ്കിലും സ്‌കൂളില്‍ ചേര്‍ത്തണമെന്നുണ്ട്. പക്ഷേ, മക്കള്‍ രണ്ടുപേരുടേയും ജനന സര്‍ട്ടിഫിക്കറ്റുകളില്ല.
സൂര്യകാന്തിക്ക് സ്റ്റീല്‍ ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മറ്റൊരു തമിഴ് നാടോടി ബാലനായ അമാവാസിക്കും സഹോദരിക്കും ഇതേപോലെ അപകടം സംഭവിച്ചത്. വഴിയില്‍ നിന്നും കിട്ടിയ സ്റ്റീല്‍ മൊന്ത തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അമാവാസിക്കും കണ്ണും കൈയും നഷ്ടപ്പെട്ടു.
പക്ഷേ, അമാവാസിയെ ഏറ്റെടുക്കാന്‍ ആളുകളുണ്ടായിരുന്നു. കൊല്ലത്തെ സായി സേവാ സമിതി അമാവാസിയെ ദത്തെടുത്തു. അവര്‍ അവനെ പൂര്‍ണചന്ദ്രനെന്ന് പേര് മാറ്റി വിളിച്ചു. പഠിപ്പിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളെജില്‍ വിദ്യാര്‍ഥിയായ പൂര്‍ണചന്ദ്രന്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ഥിയാണ്.
സൂര്യകാന്തിയുടെ ജീവിതത്തെ ബോംബ് സ്‌ഫോടനം അത്തരത്തില്‍ മാറ്റിമറിച്ചിട്ടില്ല. ഇടതുകൈയും ഇടതു കണ്ണും നഷ്ടപ്പെട്ടതിനപ്പുറം, അസുഖങ്ങള്‍ നിര്‍ത്താതെ പിടികൂടിയതിനപ്പുറം അവള്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ല. ഒന്‍പതാം വയസ്സിലും അവള്‍ പഴയ സാധനങ്ങള്‍ പെറുക്കിയായിരുന്നു ജീവിച്ചിരുന്നത്. ഇപ്പോഴും ചെയ്യുന്നത് അതുതന്നെ. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നാടോടിയായി കടന്നുപോകുന്നു അവള്‍ സൂര്യകാന്തി.

വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 11-12-2011

http://www.varthamanam.com/index.php/sunday/3973-2011-12-10-16-38-08

Wednesday, November 9, 2011

പെരുന്നാളില്ലാതെ ഒരു നാട് സമരം ചെയ്യുന്നു


മാളേക്കല്‍ അമ്മൂമ്മ തട്ടുകട
മാലിന്യ ചായ- 50 പൈസ
ചിക്കന്‍ വേസ്റ്റ്- 65
പോത്തിന്‍ മാല- 35
കച്ചറ ഉണ്ട- 1.00
ചീഞ്ഞമുട്ട ഓംപ്ലേറ്റ്
വില പഴക്കം പോലെ
(തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണാണ് മാളിയേക്കല്‍ ആമിന)

ഒരു~ഗ്രാമം നിശ്ശബ്ദമായി പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു. എല്ലാ നിശ്ശബ്ദതയ്ക്കും ശബ്ദം വെക്കാനുള്ള കാലമെത്തിയപ്പോള്‍ അവര്‍ സ്വാഭാവികമായി പൊട്ടിത്തെറിച്ചു. കോഴിക്കോട്ടെ ഞെളിയന്‍പറമ്പും തൃശൂരിലെ ലാലൂരും അറിയുന്നവര്‍ക്ക് തലശ്ശേരിയിലെ പുന്നോല്‍ പെട്ടിപ്പാലം അറിയില്ല. കാരണം, ഞെളിയന്‍പറമ്പു പോലേയും ലാലൂരു പോലേയും മാലിന്യം കൊണ്ട് ജീവിതം പൊറുതി മുട്ടിയിട്ടും ഇവര്‍ ഏറെ സഹിക്കാന്‍ ശ്രമിച്ചവരായിരുന്നു. ഇപ്പോള്‍, ഞെളിയന്‍പറമ്പിനപ്പുറം, ലാലൂരിനപ്പുറം പുന്നോലിന് ശബ്ദിക്കാതെ വയ്യ. അത്രയേറെ സഹിച്ച് മടുത്തിരിക്കുന്നു.
തലശ്ശേരി- മാഹി ദേശീയ പാതയിലാണ് പുന്നോല്‍. അതിമനോഹരമാണ് ഈ പ്രദേശം. റെയില്‍ പാതയും ദേശീയ പാതയും അറബിക്കടലും സമാന്തരമായി നില്‍ക്കുന്ന കേരളത്തിലെ ഏകപ്രദേശം. തീവണ്ടി യാത്രയില്‍ കടല്‍ കാണാന്‍ സാധിക്കുന്ന കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രദേശങ്ങളിലൊന്ന്. ഇവിടെ, കടലോരത്ത്, ഏഴുപതിറ്റാണ്ടോളം പഴക്കമുണ്ട് തലശ്ശേരി നഗരസഭയുടെ മാലിന്യ നിക്ഷേപത്തിന്. നൂറ്റാണ്ടിലേറെ പഴക്കമുള്ള തലശ്ശേരി നഗരസഭയോളം പഴക്കമുള്ള മാലിന്യങ്ങളുടെ നിക്ഷേപം. മാലിന്യം തലശ്ശേരി നഗരസഭയുടേതാണെങ്കിലും പ്രദേശം ഇപ്പോള്‍ ന്യൂമാഹി പഞ്ചായത്തിന്റെ പരിധിയിലാണ്. നേരത്തെ കോടിയേരി പഞ്ചയാത്തിലായിരുന്ന പുന്നോല്‍ പ്രദേശത്തെ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലം തലശ്ശേരി നഗരസഭ വിലയ്ക്ക് വാങ്ങിയതാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതിന് രേഖാമൂലമുള്ള തെളിവുകളൊന്നും ആരുടേയും പക്കലില്ല. കോടിയേരി പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ ന്യൂമാഹി പഞ്ചായത്തിലേക്ക് ലയിച്ചതോടെയാണ് പുന്നോല്‍ ന്യൂമാഹിയോടൊപ്പമായത്. കോടിയേരി പഞ്ചായത്താകട്ടെ തലശ്ശേരി നഗരസഭയുടെ ഭാഗമായിത്തീരുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് നഗരത്തിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന മലം നിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു പെട്ടിപ്പാലത്തേത്. കാലക്രമത്തില്‍ അത് മാലിന്യ നിക്ഷേപ കേന്ദ്രമാവുകയായിരുന്നു. തലശ്ശേരി നഗരസഭ മാലിന്യം നിക്ഷേപിക്കാന്‍ ഒരു ന്യായം പറയുന്നു. പക്ഷേ, പുന്നോല്‍ പ്രദേശവാസികള്‍ തങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് ലോകത്തോട് ചോദിക്കുന്നത്.
ദിനംപ്രതി 30 ടണ്‍ നഗരമാലിന്യമാണ് പുന്നോല്‍ പെട്ടിപ്പാലത്ത് കൊണ്ടുതള്ളുന്നത്. ആശുപത്രി അവശിഷ്ടങ്ങളും അറവ് ശാലയിലെ മാലിന്യങ്ങളും വേറേയും... എല്ലാം കൂടി ചേര്‍ന്ന് കടല്‍ക്കാറ്റിലൂടെ അഞ്ഞൂറോളം വീടുകളുള്ള പ്രദേശത്ത് എത്തിക്കുന്നത് മലീനികരിക്കപ്പെട്ടതും വിഷാംശമുള്ളതുമായ വായു. ശുദ്ധ വായു ഇവരുടെയൊക്കെ വെറും സ്വപ്നം... മാലിന്യം ഒലിച്ചിറങ്ങിയിട്ടില്ലാത്ത കിണറുകള്‍ വെറും ആഗ്രഹം... കിണറിലെ വെറും വെള്ളം മാത്രമല്ല, നൂറ് ഡിഗ്രിയില്‍ തിളപ്പിച്ച വെള്ളം പോലും കുടിക്കാനാവില്ലെന്നാണ് പുതിയ മുന്നറിയിപ്പുകള്‍ വന്നിട്ടുള്ളത്. അമിതമായ അളവില്‍ കോളിഫോം ബാക്ടീരിയയാണ് ഈ പ്രദേശത്തെ കിണര്‍ വെള്ളത്തിലുള്ളത്.
ഗതിമുട്ടിയ കാലത്താണ് പുന്നോലിലെ മുഴുവന്‍ ജനങ്ങളും പ്രത്യക്ഷ സമരത്തിന്റെ വഴിയിലിറങ്ങിയത്. തലശ്ശേരി നഗരസഭ മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും തങ്ങളുടെ ജീവിതം തിരികെ തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം. പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം പന്തല്‍കെട്ടി അവര്‍ രാവും പകലും കഴിയുകയാണ്. അടുക്കളകള്‍ അടച്ചുപൂട്ടി സ്ത്രീകള്‍ സമരത്തിന് കനത്ത പിന്തുണ നല്കുന്നു. പുരുഷന്മാര്‍ റോഡരികില്‍ പാകം ചെയ്ത് നാട്ടുകാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നു. അധികാരികളുമായി നടത്തുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ പെരുന്നാള്‍ ദിനത്തിലും ഇവര്‍ സമരപ്പന്തലിലായിരിക്കും. മാലിന്യം വഴിമുട്ടിച്ച ജീവിതങ്ങള്‍ സന്തോഷപ്പെരുന്നാള്‍ ആഘോഷിക്കാനാവാതെ സമരം ചെയ്യും. തങ്ങളുടെ വരാനിരിക്കുന്ന തലമുറകളെങ്കിലും ദുര്‍ഗന്ധമില്ലാതെ ഓണവും പെരുന്നാളും ആഘോഷിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നുണ്ട്.

സമരവഴികളില്‍ ഇങ്ങനെ അടയാളപ്പാടുകള്‍ കാണാം
പുന്നോല്‍ പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാര്‍ ഒറ്റയ്ക്കും കൂട്ടായും പ്രതികരിക്കാന്‍ തുടങ്ങിയതിന് കൃത്യമായ വര്‍ഷവും തിയ്യതിയുമൊന്നും ഉണ്ടാകില്ല. എങ്കിലും പ്രതിഷേധത്തിന് കാല്‍നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നഗരസഭ വാടകയ്‌ക്കെടുത്ത സ്ഥലത്ത് അവരുടെ മാലിന്യം നിക്ഷേപിക്കുന്നതിന് ഞങ്ങള്‍ക്കെന്ത് ചെയ്യാനാകും എന്ന ഭയവും ഭാവവുമായിരുന്ന ആദ്യകാലത്തു നിന്നും പുന്നോലുകാര്‍ ഏറെ മുമ്പോട്ട് പോയിട്ടുണ്ട്. അതാണ് സമരത്തെ ഇപ്പോള്‍ വഴിയിലേക്കിറക്കിയത്. നാട് നാറിയിട്ടും മൂക്ക് പൊത്തി ഭക്ഷണം കഴിച്ച അവര്‍ സഹിക്കാനാവാതെ വന്നപ്പോള്‍ മൂക്കുകെട്ടി നിരത്തിലിറങ്ങിയിരിക്കുന്നു.
മാലിന്യ നിക്ഷേപകേന്ദ്രം പെട്ടിപ്പാലത്തുനിന്നും മാറ്റണമെന്ന് 1996ല്‍ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വെയിലും മഴയും 15 തവണ മാറി വന്നിട്ടും പെട്ടിപ്പാലത്തിലെ മാലിന്യ നിക്ഷേപത്തിന് മാത്രം യാതൊരു മാറ്റവുമുണ്ടായില്ല. 1997 ഏപ്രില്‍ 26ന് കണ്ണൂര്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചില നിബന്ധനകള്‍ മുന്നോട്ടു വെച്ചിരുന്നു. അത് ഇങ്ങനെ വായിക്കാം: 1. ഒരു വര്‍ഷത്തിനകം പെട്ടിപ്പാലത്തിലെ മാലിന്യ നിക്ഷേപം ഒഴിവാക്കാന്‍ നഗരസഭ അടിയന്തിര നടപടികള്‍ സ്വീകരിക്കും. 2. മാലിന്യങ്ങള്‍ ശാസ്ത്രീയമായും പരിസര മലിനീകരണം ഒഴിവാക്കിയും കുഴിയെടുത്ത് സംസ്‌ക്കരിക്കുകയും അത് പരിശോധിക്കാന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അബ്ദുല്‍ ഖാദര്‍ ചെയര്‍മാനായും തലശ്ശേരി തഹസില്‍ദാര്‍, വൈസ് ചെയര്‍മാന്‍ ആന്റ് കണ്‍വീനര്‍ ആയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗോപി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധി, ഡി എം ഒ, പി ഡബ്ല്യു ഡി (റോഡ് വിഭാഗം) പ്രതിനിധി, പ്രത്യേകം ക്ഷണിതാവായി ആര്‍ ഡി ഒ, കൂടാതെ പൗരസമിതി, ആക്ഷന്‍ കമ്മിറ്റി, നഗരസഭ, ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒരു പരിശോധനാ കമ്മിറ്റിയും ഉണ്ടാക്കിയിരുന്നു.
എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാതെ വന്നപ്പോഴാണ് 1999ല്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞുകൊണ്ട് പ്രത്യക്ഷ സമരം തുടങ്ങിയത്. നാല് ദിവസം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് തലശ്ശേരി നഗരസഭ ചീഞ്ഞുനാറിയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായി ചര്‍ച്ച നടന്നത്. ആറുമാസത്തിനകം മാലിന്യ നിക്ഷേപം അവസാനിപ്പിക്കുമെന്നായിരുന്നു അന്നത്തെ കരാര്‍ വ്യവസ്ഥയെങ്കിലും പിന്നീട് എത്രയോ ആറു മാസങ്ങള്‍ കഴിഞ്ഞിട്ടും വ്യവസ്ഥകള്‍ മാത്രം പാലിച്ചില്ല.
1993ലെ സുപ്രിം കോടതി വിധി പ്രകാരം തീരദേശ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും ഇപ്പോള്‍ അങ്ങനെ ചെയ്യുന്നവര്‍ മൂന്ന് വര്‍ഷത്തില്‍ കവിയാത്ത കാലയളവിനുള്ളില്‍ അത് മാറ്റണമെന്നും പറയുന്നുണ്ട്. തലശ്ശേരി നഗരസഭയുടെ കാര്യത്തില്‍ അതിനൊന്നും യാതൊരു വിലയുമുണ്ടായില്ല.
സഹികെട്ട പുന്നോലിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം 2010 ജനുവരിയില്‍ തലശ്ശേരിയില്‍ നടന്ന തലശ്ശേരി വികസന സെമിനാറിലേക്ക് വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് വികസന സെമിനാര്‍ നടത്തിയത്.
പെട്ടിപ്പാലത്തിന് നാട്ടുകാര്‍ ഇപ്പോള്‍ പുതിയൊരു പേര് നല്കിയിട്ടുണ്ട്- മൂക്കുപൊത്തിപ്പാലം.

സമരം എത്തിനില്‍ക്കുന്നത്
സഹനത്തിന്റെ സകല സീമകളും അവസാനിച്ചപ്പോഴാണ് 2011 നവംബര്‍ ഒന്നുമുതല്‍ പുന്നോല്‍ വാസികള്‍ പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന് പറഞ്ഞ് പന്തല്‍ കെട്ടി സമരം തുടങ്ങിയത്. സമരത്തിന് വിവിധ മാര്‍ഗ്ഗങ്ങളാണ് ജനകീയ സമിതി അവലംബിക്കുന്നത്.
സമര രീതി- 1: ആദ്യ ദിവസങ്ങളില്‍ പന്തല്‍ കെട്ടി രാപ്പകല്‍ കാവല്‍ കിടക്കുക. മുദ്രാവാക്യം മുഴക്കുക. മാലിന്യ നിക്ഷേപത്തിന് എത്തുന്ന വാഹനങ്ങള്‍ തടയുക. വിവിധ ബഹുജന രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടുക.
സമര രീതി- 2: അടുക്കളയില്‍ നിന്ന് അടര്‍ക്കളത്തിലേക്ക്: സമരത്തിന്റെ നാലാം ദിവസം നാട്ടിലെ എല്ലാ വീട്ടിലും അടുക്കള സമരമായിരുന്നു. സ്ത്രീകള്‍ മുഴുവന്‍ പെട്ടിപ്പാലത്തെ സമരപ്പന്തലിലെത്തി. ഉറക്കെയുറക്കെ മുദ്രാവാക്യം മുഴക്കി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള അടുക്കള സമരത്തിന് പിന്തുണ നല്കി പുരുഷന്മാര്‍ റോഡരികില്‍ ഭക്ഷണമുണ്ടാക്കി. നാട്ടുകാര്‍ ഒന്നിച്ച്, പെട്ടിപ്പാലത്തെ മാലിന്യ കേന്ദ്രത്തിന് സമീപമിരുന്ന് ഭക്ഷണം കഴിച്ചു. സമരപ്പന്തലിന് സമീപം പായ വിരിച്ച് സ്ത്രീകള്‍ നമസ്‌ക്കാരം നിര്‍വഹിച്ചു.
സമര രീതി- 3: പെരുന്നാള്‍ ദിനം സമരപ്പന്തലില്‍ ആഘോഷിക്കും. ലോകത്തിന്റെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനെത്തിയ പ്രവാചകരുടെ ചര്യകളെ ഈ മനുഷ്യര്‍ മാലിന്യങ്ങളോടൊപ്പം ഓര്‍ക്കേണ്ടി വരുന്നു.
സമര രീതി-4: തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കലിന്റെ ഇരുപതോളം ബന്ധുക്കളും ബന്ധുവീടുകളും പുന്നോലില്‍ ഉണ്ട്. നവംബര്‍ പത്താം തിയ്യതി ഇവര്‍ ആമിന മാളിയേക്കലിന്റെ വീട്ടിലേക്ക് വിരുന്നു പോകും. തങ്ങളുടെ നാട്ടിലുള്ള കോളിഫോം ബാക്ടീരിയ കൂടുതലുള്ള വെള്ളം ഉപയോഗിച്ച് കോഴിയടയും ഇറച്ചിപ്പത്തിലും ഉന്നക്കായിയുമൊക്കെയടങ്ങുന്ന പലഹാരങ്ങളുമായി അവര്‍ ചെയര്‍പേഴ്‌സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തും.
സമര രീതി-5: അതിനിയും തീരുമാനിച്ചിട്ടില്ല. അനിശ്ചിതമായി പോകുന്ന സമരത്തിന് ഏത് രീതിയും അവസാനം അനുയോജ്യമാകും എന്നതാണ് ലോകതത്വം.

ഫോട്ടോ: ആദിത്യന്‍ കൂക്കോട്ട്

വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 06-11-2011kmrahman@varthamanam.com
km.kmrahman@gmail.com
http://varthamanam.com/index.php/sunday/1898-2011-11-05-12-17-26
www.enikkumparayanundu.blogspot.com

Monday, October 24, 2011

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്; ഒരിക്കല്‍ മാത്രം മരിച്ച ധീരന്‍


''ഇരുള്‍മൂടവേ, പെട്രോമാക്‌സുകളുടെ വെളിച്ചം ചെറിയ വൃത്തങ്ങളായി മനുഷ്യ ശിരസ്സുകളിലൂടെ ഒലിച്ച് മൈതാനത്തിലേക്കു നീങ്ങവേ, കാല്‍നാഴിക ദൂരത്തുള്ള മൂരിയാട് പള്ളിയിലേക്ക് ഒറ്റയാനായി ശിരസ്സുയര്‍ത്തി നടന്നു സായ്‌വ്. സംശയത്തിന്റെ തരി പോലുമില്ല. ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു.
എന്നിട്ടും അനുയായികള്‍ക്ക് പൊറുതികിട്ടിയില്ല. സായ്‌വ് പോയ വഴിയിലൂടെ അവര്‍ പിന്നാലെ നടന്നു. ചിലര്‍ മുമ്പേ ഓടിപ്പോയിരുന്നു.
പള്ളിയില്‍ കയറി വുളുവെടുത്ത്, സഫ് സഫായി നില്‍ക്കുന്ന ഭക്തരോടൊപ്പം തോളുരുമ്മി നിന്നപ്പോള്‍, പള്ളിയിലാകെ കനത്തുവന്ന നിശ്ശബ്ദതയ്‌ക്കൊടുവില്‍ വീണ്ടും മുഴങ്ങി, മഗ്‌രിബ് നിസ്‌കാരത്തിനുള്ള മിമ്പറക്കടുത്തു നില്‍ക്കുന്ന ഇമാമിന്റെ സ്വരം: അല്ലാഹു അക്ബര്‍.
നിസ്‌കാരം കഴിഞ്ഞു. സലാം വീട്ടി, സുന്നത്തും നിസ്‌കരിച്ചു. ദുആയെടുക്കാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ എത്രയോ ആയിരം കണ്ണുകള്‍ ഒപ്പമുയര്‍ന്നു.
വീണ്ടും കാല്‍ നാഴിക നടത്തം, വീണ്ടും മൈതാന വേദിയിലേക്ക്. കോഴിക്കോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരും വേദിയിലുണ്ട്. മാലകള്‍ കൈയില്‍ തൂക്കി കുറേപ്പേര്‍ ഒന്നുമറിയാത്ത മട്ടിലിരുന്നു. യോഗാധ്യക്ഷന്‍ കുപ്പായമിടാത്ത, താടിയുള്ള ഒരു സന്യാസി.
ഒടുവിലതു മുഴങ്ങി. ഇനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസംഗിക്കും. കാതോര്‍ത്തു നില്‍ക്കുന്ന ജനക്കൂട്ടം. സായ്‌വ് പതുക്കെ എണീറ്റു. ഫേസ്‌ക്യാപ്പ് നേരെയാക്കി.
സുഹൃത്തുക്കളെ, അബ്ദുറഹ്മാന്റെ തലയെടുക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു.
അതറിഞ്ഞാണല്ലോ നിങ്ങള്‍ ഇവിടെ വന്നത്. ഇവര്‍ വിചാരിച്ചാല്‍ എന്റെ തലയെടുക്കാന്‍ കഴിയുമോ? ഇല്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ എന്റെ തലയെടുക്കാനാകൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ, ഇവിടെ കൂടിയിരിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍ വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധ്യമല്ല.
ആദ്യം വാക്കുകള്‍ ഭൂമിയിലേക്കും സര്‍വചരാചരങ്ങളിലേക്കും പിന്നെ ആകാശത്തേക്കും ഇടിവെട്ടും മിന്നല്‍ പിണരുമായി വന്നു.''
(എന്‍ പി മുഹമ്മദിന്റെ അവസാന നോവലില്‍ നിന്ന്- വര്‍ത്തമാനം ആഴ്ചപ്പതിപ്പ്- പുസ്തകം 1, ലക്കം 1 2003 ഫെബ്രുവരി 16)
എന്‍ പി മുഹമ്മദിന്റെ നോവലിനെ അടിസ്ഥാനമാക്കി പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രന്‍ സിനിമ വിവാദമായ പശ്ചാതലത്തിലാണ് എന്‍ പിയുടെ നോവലിന്റെ ഭാഗം ഒരിക്കല്‍ കൂടി എടുത്തുനോക്കിയത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന ധീരദേശാഭിമാനിയെ നാടും നാട്ടുകാരും മറന്നുതുടങ്ങിയപ്പോഴാണ് പി ടി കുഞ്ഞുമുഹമ്മദ് സിനിമയുമായി രംഗത്തു വന്നത്. എന്‍ പി മുഹമ്മദ് എന്ന മലയാളത്തിലെ മഹാനായ നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ചുള്ള നോവല്‍ അടങ്ങാത്ത ആഗ്രഹമായിരുന്നു.
വര്‍ത്തമാനം ആഴ്ചപ്പതിപ്പിന്റെ പ്രഥമ ലക്കത്തില്‍ എന്‍ പി മുഹമ്മദിന് ഈ നോവലിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെ കുറിച്ച് വിലയിരുത്തുന്നുണ്ട്. ''എന്‍ പിയുടെ സ്വപ്‌നം കൂടിയായിരുന്നു വര്‍ത്തമാനം. എന്നാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് എന്‍ പി വിടചൊല്ലി. നാലഞ്ച് വര്‍ഷങ്ങളായി എന്‍ പി അബ്ദുറഹ്മാന്റെ പണിപ്പുരയിലായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ പിറക്കാത്ത മകനായിരുന്നു എന്‍ പി. സാഹിബിന്റെ അചഞ്ചലമായ മതേതരതയില്‍ നിന്നാണ് മാനവികതയേയും സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള എന്‍ പിയുടെ ചിന്ത എരിയുന്നത്. സമഗ്രാധിപത്യത്തിനെതിരെ എഴുതിയ രചനകളുടെയെല്ലാം പ്രചോദനവും അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. അബ്ദുറഹ്മാനെ പറ്റിയുള്ള നോവല്‍ രചന 220 പേജുകളില്‍ എന്‍ പി തീര്‍ത്തുവെച്ചിരുന്നു. അബ്ദുറഹ്മാനും മരണവും തമ്മിലുള്ള മല്‍പിടുത്തമാണ് എന്‍ പിയുടെ നോവല്‍. അവസാന മിനുക്കുപണികള്‍ക്കിടയില്‍ എന്‍ പിയെ മരണം കൊണ്ടുപോയി. അബ്ദുറഹ്മാനില്‍ നിന്ന് ഒരു ഭാഗം വര്‍ത്തമാനം ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കത്തില്‍ പ്രകാശനം ചെയ്യുന്നു. എന്‍ പിയ്ക്കുള്ള ആദരാഞ്ജലിയായി....''
നോവല്‍ പുറത്തുവന്നപ്പോള്‍ ഉണ്ടാകാത്ത വിവാദമാണ് സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിവാദത്തിന് തിരികൊളുത്തിയത് പ്രശസ്ത ചിന്തകനായ ഹമീദ് ചേന്ദമംഗലൂരാണ്. അതുകൊണ്ടുതന്നെ സാംസ്‌ക്കാരിക കേരളം അതിന് വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്തു.
മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ചുള്ള സിനിമ 'വീരപുത്രന്‍' ചരിത്രത്തെ വളച്ചൊടിക്കലാണെന്ന ആരോപണമാണ് എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഹമീദ് ചേന്ദമംഗലൂരിന്റേത്. സിനിമയില്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണ രംഗം ചിത്രീകരിച്ചതിലാണ് ഹമീദ് ചേന്ദമംഗലൂര്‍ അപ്രിയം രേഖപ്പെടുത്തിയിരിക്കുന്നത്. കൊടിയത്തൂരില്‍ നിന്നും പ്രസംഗം കഴിഞ്ഞ് പുഴ കടന്ന ചേന്ദമംഗലൂരിലെത്തി ഭക്ഷണം കഴിച്ച ശേഷം തിരിച്ചു പോകുമ്പോള്‍ പൊറ്റശ്ശേരിയില്‍ വെച്ച്് വിഷബാധയേറ്റതുപോലെ അബ്ദുറഹ്മാന്‍ സാഹിബ് മരിച്ച് വീഴുന്നതെന്നാണ് സിനിമയിലെ രംഗമെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു. മണാശ്ശേരി അംശം അധികാരി കളത്തിങ്ങല്‍ എ എം അബ്ദുസ്സലാം അധികാരിയുടെ വീട്ടില്‍ നിന്നാണ് അബ്ദുറഹ്മാന്‍ സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്. എ എം അബ്ദുസ്സലാം അധികാരി ഹമീദ് ചേന്ദമംഗലൂരിന്റെ പിതാവാണ്.
അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവരും പരിശോധിച്ച ഡോ. നാരായണന്‍ നായരും പറഞ്ഞിട്ടുണ്ടെന്നും പി ടി കുഞ്ഞുമുഹമ്മദിന് എങ്ങനെ വ്യത്യസ്തമായ വീക്ഷണം കിട്ടി എന്നുമാണ് ഹമീദ് ചേന്ദമംഗലൂരിന്റെ ചോദ്യം. പി ടി കുഞ്ഞുമുഹമ്മദ് ഇതിനു നല്കുന്ന വിശദീകരണം താന്‍ എന്‍ പിയുടെ നോവലും കാല്‍പനികതയും കൂട്ടിച്ചേര്‍ത്താണ് സിനിമ തയ്യാറാക്കിയതെന്നും സിനിമയുടെ തുടക്കത്തില്‍ തന്നെ ഇതേകുറിച്ച് വിശദീകരിക്കുന്നുണ്ടെന്നുമാണ്. മാത്രമല്ല, വിഷം അകത്തുചെന്നാണ് മരിച്ചതെന്ന സംസാരം ചേന്ദമംഗലൂര്‍ ഭാഗത്ത് നേരത്തെയുണ്ടെന്നും പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു. ചേന്ദമംഗലൂര്‍ ഭാഗത്ത് നേരത്തെയുള്ള പ്രചാരണം മനസ്സിലുള്ളതുകൊണ്ടായിരിക്കാം ഹമീദിന് അങ്ങനെ തോന്നുന്നതെന്നും പി ടി പറയുന്നു. മാത്രമല്ല നിരവധി വര്‍ഷങ്ങള്‍ പഠനവും ഗവേഷണവും നടത്തിയാണ് താന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും പി ടി കുഞ്ഞുമുഹമ്മദ് പറയുന്നുണ്ട്.
വസ്തുത എന്തായാലും മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ധീരദേശാഭിമാനിയെ കുറിച്ച് കേരളത്തെ ഓര്‍മിപ്പിക്കാന്‍ പി ടി കുഞ്ഞുമുഹമ്മദിന് വീരപുത്രനിലൂടെ സാധിച്ചു എന്നതാണ് സത്യം. അര്‍ധ സത്യങ്ങളും അസത്യങ്ങളും ചരിത്രമായി പ്രചരിക്കുന്ന കാലത്ത് മറഞ്ഞു പോയേക്കാവുന്ന ഒരു സത്യത്തെയാണ് അദ്ദേഹം വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഏഴ് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം സംസ്ഥാനത്തെ എഴുപതോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിട്ടുള്ളത്. നൂറ്റി അറുപതിലേറെ നടീനടന്മാരും പതിനായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രത്യക്ഷപ്പെടുന്ന സിനിമ 55 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പൃഥ്വിരാജിനെ ആയിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷത്തിനു വേണ്ടി കണ്ടിരുന്നതെങ്കിലും ഒടുവില്‍ അത് നരേനില്‍ എത്തുകയായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ ഭാര്യ കുഞ്ഞിബീപാത്തുവായി റീമാസെന്നും മൊയ്തു മൗലവിയായി സിദ്ദീഖ്, കെ കേളപ്പനായി ശ്രീകുമാര്‍, എ കെ ജിയായി ബിജു ജനാര്‍ദ്ദനന്‍, കെ എ കൊടുങ്ങല്ലൂരായി വിനയ്, കൃഷ്ണപിള്ളയായി സുരേഷ് ചെറുപ്പ, എം പി നാരായണ മേനോനായി വിജയ് മേനോന്‍, വൈക്കം മുഹമ്മദ് ബഷീറായി ബഷീറിന്റെ പുത്രന്‍ അനീസ് ബഷീറും കെ ദാമോദരനായി മന്‍രാജും ആലി മുസല്യാരായി ശ്രീരാമനും മമ്മദായി കലാഭവന്‍ നവാസും ചരിത്രകാരനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ വിമല്‍ മേനോനായി ശരത് കുമാറും ഉള്‍പ്പെടെ വന്‍ താരനിയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ സിനിമാ വിവാദത്തിലൂടെയെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെങ്കില്‍ അതിന് വഴിയൊരുക്കിയ പി ടി കുഞ്ഞുമുഹമ്മദിനെ അഭിനന്ദിക്കുന്നുവെന്നാണ് മൊയ്തു മൗലവിയുടെ മകനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സുഹൃത്തുമായിരുന്ന എഴുത്തുകാരന്‍ എം റഷീദ് അഭിപ്രായപ്പെട്ടത്. അബ്ദുറഹ്മാന്‍ സാഹിബിന്റെ തലമുറയില്‍ അവശേഷിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് എം റഷീദ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. സിനിമാ വിവാദത്തിലൂടെയാണെങ്കിലും അബ്ദുറഹ്മാന്‍ സാഹിബിനെ ചരിത്രത്തിന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞല്ലോ. അതുതന്നെയാണ് വലിയ കാര്യം.
എന്‍ പി മുഹമ്മദ് എഴുതിയ നോവലിലെ വരികള്‍ തന്നെയാണ് ഈ വിവാദങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി. ''ഇവര്‍ വിചാരിച്ചാല്‍ എന്റെ തലയെടുക്കാന്‍ കഴിയുമോ? ഇല്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ എന്റെ തലയെടുക്കാനാകൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ, ഇവിടെ കൂടിയിരിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍ വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധ്യമല്ല.''
''ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു.''


വര്‍ത്തമാനം ദിനപത്രം 16-10-2011

Followers

About Me

My photo
thalassery, muslim/ kerala, India